Connect with us

Sports

പ്രീമിയര്‍ ക്രിക്കറ്റ് പൂരം

Published

|

Last Updated

ഹൈദരാബാദ്: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) സീസണ്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച കുട്ടിക്രിക്കറ്റിന്റെ പത്താം എഡിഷനാണ്. ചരിത്രപരമായ അധ്യായമാക്കി അതിനെ മാറ്റുവാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞു ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും സംഘവും. ഇത്തവണ, എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ആരാധകരെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാക്കാന്‍ അവസരം ഒരുക്കുകയാണ് ഐ പി എല്‍. എട്ട് വേദികളിലും ഉദ്ഘാടനം നടക്കും. ഇന്ന് ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ അമി ജാക്‌സന്റെ സ്റ്റേജ് ഷോ ഉദ്ഘാടന ചടങ്ങിന് ആവേശം പകരം. ലേസര്‍ ഷോക്ക് പിന്നാലെ എട്ട് ക്യാപ്റ്റന്‍മാരുടെയും ഡിജിറ്റല്‍ ഒപ്പു പതിഞ്ഞ ട്രോഫി വേദിയിലെത്തും.

നാളെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അതിന് മുന്നോടിയായി ബോളിവുഡ് താരം റിതേഷ് ദേശ്മുഖിന്റെ സ്‌റ്റേജ് ഷോ നടക്കും.
ഏഴിന് ഗുജറാത്ത് ലയണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ്. ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫാണ് ഇവിടെ അതിവേഗ നൃത്തച്ചുവടുമായി വേദി കീഴടക്കുക.
കൊല്‍ക്കത്തയില്‍ ശ്രദ്ധ കപൂറും ഡല്‍ഹിയില്‍ പരിനീതി ചോപ്രയുമാണ് ഉദ്ഘാടന മത്സരത്തിന് മുമ്പ് വേദിയില്‍ ആവേശത്തിന്റെ തീപ്പൊരി വിതറുക. മറ്റ് വേദികളിലെ നക്ഷത്ര താരങ്ങളാകുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ഫൈനല്‍ കളിച്ച് തുടക്കം

ഐ പി എല്‍ പത്താം സീസണ്‍ ആരംഭിക്കുന്നത് ഫൈനല്‍ പോരാട്ടത്തോടെയാണ്. കഴിഞ്ഞ സീസണില്‍ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനപ്പോര്.
ഗെയ്‌ലിന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവില്‍ അനായാസം ലക്ഷ്യം പിന്തുടര്‍ന്ന് കൊണ്ടിരിക്കെയാണ് ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് മത്സരഗതി മാറ്റിമറിച്ച് കന്നിക്കിരീടം സ്വന്തമാക്കിയത്. ടി20 മത്സരത്തിന്റെ എല്ലാ ആവേശവും പ്രവചനാത്മകതയും നിറഞ്ഞു നിന്ന മത്സരമായിരുന്നു അത്. ഇന്ന് മധുരപ്രതികാരം ചെയ്യാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ ആ നിരയില്‍ പടനായകന്‍ വിരാട് കോഹ്ലിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലേഴ്‌സും ഇല്ല. ഇന്ത്യയുടെ യുവ വെടിക്കെട്ടുക്കാരന്‍ സര്‍ഫറാസ് ഖാനും പരുക്കേറ്റ് പുറത്താണ്.
മുന്‍ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗപ്രവേശം ചെയ്യുന്നത്. കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ആദ്യ സീസണില്‍ പ്ലേ ഓഫ് റൗണ്ടിലെത്തി. അടുത്ത രണ്ട് എഡിഷനുകളിലും ആറാം സ്ഥാനം. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായി. ഡേവിഡ് വാര്‍ണറാണ് നായകന്‍. യുവരാജ് സിംഗ്, ശിഖര്‍ ധവാന്‍ എന്നിവര്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലാകുമ്പോള്‍ ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരുണ്ട്. 2016 ലെ പതിനേഴ് താരങ്ങളെ നിലനിര്‍ത്തി. ക്രിസ് ജോര്‍ദാന്‍, ബെന്‍ ലോഫിന്‍ എന്നീ ബൗളര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടീം ശക്തമാക്കി. അഫ്ഗാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയ ആദ്യ ഐപിഎല്‍ ടീമും സണ്‍റൈസേഴ്‌സാണ്. മുഹമ്മദ് നബി, ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നീ അഫ്ഗാന്‍ താരങ്ങള്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സിനായി കളിക്കും.
കാന്‍ വില്യംസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, റിക്കി ബുയി, ബരീന്ദര്‍സ്രാന്‍, സിദ്ധാര്‍ഥ് കൗള്‍, അഭിമന്യു മിഥുന്‍, മോയിസസ് ഹെന്റിക്വെ, ബെന്‍ കട്ടിംഗ്, ബിപുല്‍ ശര്‍മ, വിജയ് ശങ്കര്‍, ദീപക് ഹൂഡ, നമന്‍ ഓജ, തന്‍മയ് അഗര്‍വാള്‍, പ്രവീണ്‍ താംബെ, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍, ഏകലവ്യ ദ്വിവേദി എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

എ ബി ഡി ഇല്ല, വാട്‌സന്‍ നയിക്കും

ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താത്കാലിക നായകന്‍. ക്യാപ്റ്റന്‍ വിരാട്‌കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സും പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് വാട്‌സന് നറുക്ക് വീണത്.
കോഹ്ലിയുടെ തിരിച്ചുവരവ് എപ്പോളുണ്ടാകുമെന്ന് വ്യക്തമല്ല. അതേ സമയം, പുറം വേദന അലട്ടുന്ന ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്‌സ് ഇന്നത്തെ മത്സരത്തിന് ശേഷം ടീമില്‍ തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയിലെ പ്രീമിയര്‍ ഏകദിന ടൂര്‍ണമെന്റായ മൊമെന്റം കപ്പിലും ഡിവില്ലേഴ്‌സ് കളിക്കുന്നില്ല.
വിരാട് ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ പുറത്തായ സ്ഥിതിക്ക് ഡിവില്ലേഴ്‌സിനെയാണ് കോച്ച് ഡാനിയല്‍ വെറ്റോറി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ചെറിയ പരുക്കുള്ള ഡിവില്ലേഴ്‌സിന് വേണ്ടത്ര വിശ്രമം നല്‍കി പൂര്‍ണ ആരോഗ്യവാനാക്കി തിരികെ കൊണ്ടു വരാനാണ് വെറ്റോറി ശ്രമിക്കുന്നത്.
ഈ മാസം എട്ടിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഡിവില്ലേഴ്‌സിന് കളിക്കാനായേക്കും.
ഇതിനെല്ലാം പുറമെ പത്തൊമ്പതു വയസുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന് പരിശീലനത്തിനിടെ പരുക്കേറ്റത് വെറ്റോറിയെ കുഴക്കുന്നു. സ്‌ട്രെക്ചറിലാണ് സര്‍ഫറാസിനെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്. ഐ പി എല്‍ തന്നെ യുവതാരത്തിന് നഷ്ടമായേക്കുമെന്നാണ് സൂചന.
സഹതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ വിരാട് കോഹ്ലി ബാംഗ്ലൂര്‍ ടീമിനൊപ്പം തന്നെയുണ്ടാകുമെന്ന് ടീം ചെയര്‍മാന്‍ അമ്രിത് തോമസ് പറഞ്ഞു.