Connect with us

Gulf

ഖത്വറിലെ യോഗത്തില്‍ സിറിയക്ക് വേണ്ടി 262 മില്യന്‍ ഡോളര്‍ സഹായ വാഗ്ദാനം

Published

|

Last Updated

ദോഹ: സിറിയയില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ മാനുഷിക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം വാഗ്ദാനമായി ലഭിച്ചത് 262 മില്യന്‍ ഡോളര്‍ തുക. ജി സി സി രാജ്യങ്ങളിലെയും സിറിയയുടെ അയല്‍ രാജ്യങ്ങളിലെയും സന്നദ്ധ, ചാരിറ്റി സംഘടനകളുടെ പ്രതിനിധികളുടെ ദോഹയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തിലാണ് സിറിയന്‍ പദ്ധതികള്‍ക്കായി ഭീമന്‍ തുക വാഗ്ദാനം ലഭിച്ചത്.

ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയുമായും യു എന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫീസിന്റെയും സഹകരണത്തോടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഹ്യൂമാനിറ്റേറിയന്‍ ദൂതനായ ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയുടെ പ്രത്യേക ക്ഷണപ്രകാരം 22 സന്നദ്ധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 40 പേര്‍ യോഗത്തില്‍ പങ്കാളികളായി.

സിറിയയുടെയും മേഖലയുടെയും ഭാവിക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ബ്രസല്‍സ് സമ്മേളനത്തിെന്റ മുന്നോടിയായാണ് ദോഹ യോഗം ചേര്‍ന്നത്. സിറിയന്‍ പ്രതിസന്ധിയുടെ ഏറ്റവും ദയനീയവും ഭയാനകവുമായ ഘട്ടത്തിലൂടെ കടന്ന് പോകുന്ന സമയത്താണ് ബ്രസല്‍സ് സമ്മേളനം വരുന്നതെന്ന് യോഗത്തില്‍ പ്രതിനിധികള്‍ വ്യക്തമാക്കി. സിറിയയില്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണ് നടക്കുന്നത്. ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സിറിയന്‍ ജനതയുടെ വ്യത്യസ്ത മാര്‍ഗങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ട്.

ദീര്‍ഘകാലത്തേക്ക് സിറിയയെ ബാധിക്കുന്ന വിപത്താണ് നിലവിലുള്ളതെന്നും സിറിയയില്‍ അറബ് മേഖലയില്‍ നിന്നും സിറിയന്‍ അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുളവാക്കുന്നുവെന്നും ശ്ലാഘനീയമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Latest