പുരുഷ വന്ധ്യതക്ക് പരിഹാരവുമായി ഖത്വറിലെ പഠനം

Posted on: April 4, 2017 8:48 pm | Last updated: April 4, 2017 at 8:16 pm

ദോഹ: വന്ധ്യതാ നിവാരണത്തിന് വിപ്ലവകരമായ കണ്ടെത്തലുമായി ഖത്വറില്‍ നിന്നുള്ള ഗവേഷകര്‍. അണ്ഡോത്പാദനത്തിന് ഫോസ്‌ഫോലിപേസ് സി സിറ്റ (പി എല്‍ സി) എന്ന സ്‌പേം പ്രോട്ടീന്‍ ആവശ്യമാണെന്നും ഇത് വന്ധ്യതയുള്ളവരില്‍ നിര്‍ജീവമായിരിക്കുമെന്നുമാണ് ഖത്വര്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിന്‍ (ക്യു യു- സി എം ഇ ഡി) യു കെ കര്‍ഡിഫ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വന്ധ്യതയുള്ള പുരുഷന്മാരുടെ ബീജത്തില്‍ ഉയര്‍ന്ന തോതിലുള്ള പി എല്‍ സി പ്രോട്ടീന്‍ കുത്തിവെച്ച് വന്ധ്യത മറികടക്കാമെന്നാണ് സി എം ഇ ഡി ബയോകെമിസ്ട്രി അസി. പ്രൊഫസര്‍ ഡോ. മിഖായ്ല്‍ നോമികോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ
പഠനത്തില്‍ വ്യക്തമായത്. ഇത്തരം വന്ധ്യത മെഡിക്കല്‍ സഹായത്തോടെ പരിഹരിക്കാന്‍ സാധിക്കും.

പി എല്‍ സി പോലുള്ള സൂക്ഷ്മാണു ഒരു തലമുറക്ക് പുതുജീവിതം എങ്ങനെ നല്‍കുമെന്ന അതിപ്രധാന കണ്ടെത്തലാണിതെന്ന് ഡോ. മിഖായ്ല്‍ പറഞ്ഞു. പുനര്‍സംയോജിപ്പിച്ച പി എല്‍ സി പ്രോട്ടീന്‍ ബീജത്തിന് പകരം അണ്ഡോത്പാദനത്തെ വര്‍ധിപ്പിക്കും. ഭ്രൂണാവസ്ഥ വരെ ഈ പ്രക്രിയ തുടരും. പുരുഷ വന്ധ്യതാ പ്രശ്‌നം നേരിടുന്ന ദമ്പതികള്‍ക്ക് ഈ ഗവേഷണം പ്രതീക്ഷ നല്‍കുന്നതാണ്. പുരുഷ വന്ധ്യതാ നിവാരണത്തിന് പുനഃസംയോജിത പി എല്‍ സി പ്രോട്ടീന്‍ ഉപയോഗിച്ചുള്ള ചികിത്സ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പി എല്‍ സി ആന്റിബോഡീസ് ഉത്പാദിപ്പിക്കാനും ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ക്ലിനിക്കല്‍ ചികിത്സ നടത്താം.

വന്ധ്യതയുള്ള പുരുഷന്മാരില്‍ സാധാരണ അളവ് ബീജമുണ്ടാകുമെങ്കിലും അത് ഗര്‍ഭധാരണത്തിന് മതിയാകില്ല. അണ്ഡവുമായി സംയോജിക്കുമെങ്കിലും ഫലമുണ്ടാക്കില്ല. സ്‌പേം പ്രോട്ടീന്‍ ആയ പി എല്‍ സി യഥാവിധം പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം. അണ്ഡത്തെ സജീവമാക്കുകയെന്ന ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് പി എല്‍ സി അനിവാര്യമാണ്. ഗര്‍ഭധാരണത്തിന് മുമ്പ് അണ്ഡം നിര്‍ജീവാവസ്ഥയിലായിരിക്കും. ഇതിന്റെ വളര്‍ച്ചക്കും ഭ്രൂണാവസ്ഥയിലേക്ക് എത്തുന്നതിനും എല്ലാ ജൈവിക പ്രക്രിയകളും അനിവാര്യമാണ്. ബീജം അണ്ഡവുമായി സംയോജിക്കുമ്പോള്‍, പി എല്‍ സി പ്രോട്ടീന്‍ അണ്ഡത്തിലേക്ക് പ്രവേശിക്കുകയും സജീവമാക്കുകയും ഭ്രൂണവളര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
‘ജീവന്റെ തീപ്പൊരി’ എന്ന പേരിലുള്ള ഈ സ്‌പേം പ്രോട്ടീന്‍ 2002ല്‍ കര്‍ഡിഫ് യൂനിവേഴ്‌സിറ്റി കാല്‍ഷ്യം സിഗ്‌നലിംഗ് ലബോറട്ടറി ചെയര്‍ പ്രൊഫ. ടോണി ലെയും സംഘവുമാണ് കണ്ടെത്തിയത്.