Connect with us

Gulf

പത്ത് വര്‍ഷം കൊണ്ട് 500 കോടിയുടെ നിര്‍മാണങ്ങള്‍ക്ക് ഖത്വര്‍ യൂനിവേഴ്‌സിറ്റി

Published

|

Last Updated

ദോഹ: അടുത്ത പത്ത് വര്‍ഷം കൊണ്ട് ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനും മറ്റ് പദ്ധതികള്‍ക്കുമായി 500 കോടി ഖത്വര്‍ റിയാല്‍ ചെലവഴിക്കും. പ്രതിവര്‍ഷം 50 കോടി ഖത്വര്‍ റിയാലായിരിക്കും ചെലവഴിക്കുകയെന്നും ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ കാപിറ്റല്‍ പ്രൊജക്ട്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്‌റാഹീം യൂസുഫ് അല്‍ ഫഖ്‌റു ദേശീയ വാര്‍ത്താ ഏജന്‍സിയായ ക്യു എന്‍ എയോട് പറഞ്ഞു.
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതല്‍ ആകര്‍ഷണീയത വരുത്താനും രാഷ്ട്ര നിര്‍മാണത്തില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞതിനാലുമാണ് വലിയ തുക ചെലവഴിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പാര്‍പ്പിട സൗകര്യം അടക്കം നിരവധി പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കും.

ആയിരം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ 668 മുറികളാണുണ്ടാകുക. വിദ്യാര്‍ഥി താമസ യൂനിറ്റുകള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. കാംപസ് സന്ദര്‍ശിക്കുന്ന ഫാക്വല്‍റ്റികള്‍ക്ക് താമസിക്കാന്‍ അപാര്‍ട്ട്‌മെന്റും ഈ വര്‍ഷം തുറക്കും. 208 അപാര്‍ട്ട്‌മെന്റുകളും യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ക്ലബും ജിമ്മും അടങ്ങുന്നതാണ് ഈ പദ്ധതി. ഹെല്‍ത്ത് സയന്‍സ് കോംപ്ലക്‌സിന്റെ ഭാഗമായി ഫാര്‍മസി കോളജ് കെട്ടിടം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. കോളജ് ഓഫ് മെഡിസിന്‍, ഹെല്‍ത്ത് സയന്‍സ്, ഫാര്‍മസി ഉള്‍ക്കൊള്ളുന്നതായിരിക്കുമിത്. രണ്ടായിരം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില കെട്ടിടവും ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്ററും ഇതിനൊപ്പമുണ്ടാകും.

കോളജുകള്‍, ലാബുകള്‍, വിനോദ കേന്ദ്രങ്ങള്‍, അഡ്മിന്‍ കെട്ടിടം, കാര്‍പാര്‍ക്കിംഗ് തുടങ്ങിയവ വികസിപ്പിക്കാനാണ് പദ്ധതി. 55 ലക്ഷം ചതുരശ്ര മീറ്ററാണ് യൂനിവേഴ്‌സിറ്റി ക്യാംപസെങ്കിലും നിര്‍മാണം നടന്ന പ്രദേശം 18 ലക്ഷം ചതുരശ്ര മീറ്റര്‍ മാത്രമാണ്. ഫാക്വല്‍റ്റി ഓഫ് ലോ, സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് ബില്‍ഡിംഗ്, കോളജ് ഓഫ് എജുക്കേഷന്‍ ബില്‍ഡിംഗ്, മാനേജ്‌മെന്റ് ബില്‍ഡിംഗ് തുടങ്ങിയവ നിര്‍മാണ ഘട്ടത്തിലാണ്. വിനോദ- കായിക സൗകര്യം, റസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ അടങ്ങുന്നതാണ് സ്റ്റുഡന്റ് അഫയേഴ്‌സ് കെട്ടിടം. സ്‌പോര്‍ട്‌സ്- ഇവന്റ്‌സ് കെട്ടിടത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസങ്ങളില്‍ ആരംഭിക്കും. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വ്യത്യസ്ത ഒളിംപിക് സ്റ്റേഡിയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. ഒളിംപിക് മത്സരങ്ങള്‍ക്ക് ഇവ ഉപയോഗിക്കാന്‍ പാകത്തിലാണ് നിര്‍മിക്കുക. ഈ വര്‍ഷവും അടുത്ത മൂന്ന് വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടിയോളം ഖത്വര്‍ റിയാല്‍ ചെലവാകും.
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ യൂനിവേഴ്‌സിറ്റിയിലെ ഗതാഗതത്തെ ബാധിക്കുന്നത് പഠനവിധേയമാക്കിയിട്ടുണ്ട്. ഏതുതരം ഗതാഗതം ക്യാംപസില്‍ അനുവദിക്കണമെന്നതിനെ കുറിച്ച് പഠന ഫലം അനുസരിച്ച് തീരുമാനമെടുക്കും. എല്ലാ നഗരസഭകളുമായും യൂനിവേഴ്‌സിറ്റിയെ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി പരിഗണനയിലാണ്. ഇത് ഗതാഗതം സുഗമമാക്കുകയും വാണിജ്യോപയോഗത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യുമെന്നും അല്‍ ഫഖ്‌റു പറഞ്ഞു.

 

Latest