Connect with us

Sports

ഐ പി എല്ലില്‍ ആറ് ചാമ്പ്യന്‍മാര്‍

Published

|

Last Updated

ഐ പി എല്‍ ക്രിക്കറ്റിന് നാളെ തുടക്കം. പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഐ പി എല്‍ ചാമ്പ്യന്‍മാരായി അവരോധിക്കപ്പെട്ടത് ആറ് പേര്‍. മുന്‍ ചാമ്പ്യന്‍മാരിലൂടെ ഒന്ന് കണ്ണോടിക്കാം.

2008 : ഷെയിന്‍ വോണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു പ്രഥമ എഡിഷനില്‍ ജേതാക്കളായത്. ഓസീസ് ക്രിക്കറ്റ് തിരിച്ചറിയപ്പെടാതെ പോയ ക്യാപ്റ്റനാണ് വോണ്‍ എന്ന് ആദ്യ സീസണ്‍ തെളിയിച്ചു. വലിയ താരങ്ങളൊന്നുമില്ലാതെ വന്ന രാജസ്ഥാന്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തിയാണ് കപ്പുയര്‍ത്തിയത്.
ഫൈനലിലെ ഹീറോ യൂസുഫ് പത്താനായിരുന്നു. മൂന്ന് വിക്കറ്റെടുത്ത യൂസുഫ് 39 പന്തില്‍ 56 റണ്‍സടിച്ചു. അവസാന പന്തിലായിരുന്നു ജയം.

2009: ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു. ഗിബ്‌സിന്റെ അര്‍ധസെഞ്ച്വറിയാണ് ഡെക്കാനെ തുണച്ചത്.

2010 : മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗിന്റെ ഉദയം. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിന് തോല്‍പ്പിച്ചു. സുരേഷ് റെയ്‌ന 35 പന്തില്‍ 57 റണ്‍സടിച്ച് ചെന്നൈ നിരയില്‍ തിളങ്ങി. സച്ചിന്‍ 45 പന്തില്‍ 48 റണ്‍സടിച്ചെങ്കിലും മുംബൈ രക്ഷപ്പെട്ടില്ല.

2011: ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നിലനിര്‍ത്തുന്നു. ഏകദിന ലോകകപ്പ് നേടി ആറാം ദിവസമായിരുന്നു ധോണി ചെന്നൈയെ നയിക്കാനിറങ്ങിയത്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തു.ചെന്നൈ 205/5 ആയിരുന്നു അടിച്ച് കൂട്ടിയത്. ബാംഗ്ലൂര്‍ 147/8.

2012 : ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നിക്കിരീടം നേടുന്നു. തുടരെ മൂന്നാം ഫൈനല്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹാട്രിക്ക് കിരീടസ്വപ്‌നം പൂവണിയിക്കാന്‍ കൊല്‍ക്കത്തന്‍ ടീം അനുവദിച്ചില്ല. 191 റണ്‍സ് ലക്ഷ്യം മന്‍വീന്ദര്‍ ബിസ്ലയുടെ 48 പന്തില്‍ 89 റണ്‍സ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കൊല്‍ക്കത്ത മറികടന്നു.

2013 : രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് കന്നിക്കിരീടം നേടി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചു. സച്ചിന്‍ മത്സരശേഷം ഐ പി എല്ലില്‍ നിന്ന് വിരമിച്ചു.

2014 : ഗംഭീറും കൊല്‍ക്കത്തയും രണ്ടാം കിരീടം നേടുന്നു. ആദ്യമായി ഫൈനല്‍ കളിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമതും ചാമ്പ്യന്‍മാരായത്.

2015: മുംബൈ രണ്ടാം കിരീടം നേടുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലാം തവണയും ഫൈനലില്‍ തോല്‍ക്കുന്ന കാഴ്ച. പിച്ചിനെ മനസിലാക്കുന്നതില്‍ ക്യാപ്റ്റന്‍ ധോണിക്ക് പിഴവ് സംഭവിച്ചു. ടോസ് ലഭിച്ച ധോണി മുംബൈയെ ബാറ്റിംഗിന് ക്ഷണിച്ചു. 202 റണ്‍സാണ് മുംബൈ അടിച്ച് കൂട്ടിയത്. 41 റണ്‍സിന് ചെന്നൈ പരാജയം സമ്മതിച്ചു.

2016 : സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചാമ്പ്യന്‍മാര്‍. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി. രണ്ട് സെഞ്ച്വറികള്‍ നേടിയ കോഹ്ലിയുടെ സീസണായിരുന്നു അത്. ഗെയിലും ഡിവില്ലേഴ്‌സും കോഹ്ലിയും ചേരുന്ന വെടിക്കെട്ട് ഒമ്പതാം സീസണിനെ ആവേശം കൊള്ളിച്ചു.

 

---- facebook comment plugin here -----

Latest