പെണ്‍കുട്ടിയുടെ കൊലപാതകം: ജെ ഡി യു നേതാവിനെ പുറത്താക്കി

Posted on: April 4, 2017 9:24 am | Last updated: April 4, 2017 at 12:25 am

പാറ്റ്‌ന: വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി മരിക്കാനിടയായ കേസില്‍ ഉള്‍പ്പെട്ട ജനതാദള്‍ യു നേതാവും മുന്‍ എം എല്‍ എയുമായ സൂര്യദിയോ സിംഗിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി. ബീഹാറിലെ രോഹ്താസ് ജില്ലയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് പുറത്താക്കല്‍ നടപടിയെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.
ഭൂമി തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസമാണ് സൂര്യദിയോ സിംഗും കൂട്ടാളികളും തെന്ദുനി ഗ്രാമത്തില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത്. ഇതിനിടെ എട്ട് വയസ്സുകാരി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂര്യദിയോ സിംഗും ഭാര്യയും ഉള്‍പ്പെടെ ഏഴ് പേരെ ബിക്രംഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
1990ലും 95ലും സൂര്യദിയോ സിംഗ് ബിക്രംഗഞ്ചില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യം ഐ പി എഫ് സ്ഥാനാര്‍ഥിയായും രണ്ടാം തവണ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയായും മത്സരിച്ച ഇയാള്‍ പിന്നീട് ജെ ഡി യുവില്‍ ചേരുകയായിരുന്നു.