കഴിഞ്ഞ വര്‍ഷം ദുബൈയിലെ വിദേശ നിക്ഷേപം 2,550 കോടി

Posted on: April 3, 2017 9:28 pm | Last updated: April 3, 2017 at 8:14 pm

ദുബൈ: കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളില്‍ ദുബൈയിലെ വിദേശ നിക്ഷേപം 2,550 കോടി ദിര്‍ഹം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് ഏജന്‍സി (ദുബൈ എഫ് ഡി ഐ, ഫിനാന്‍ഷ്യല്‍ ടൈംസ് എഫ് ഡി ഐ മാര്‍കറ്റ്‌സ് ഡാറ്റ എന്നിവ പുറത്തിറക്കുന്ന ദുബൈ എഫ് ഡി ഐ മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ലോക നഗരങ്ങളില്‍ ഏഴാം സ്ഥാനത്താണ് എമിറേറ്റ്. നൂതന സംരംഭങ്ങള്‍ വഴിയുള്ള പദ്ധതികളിലേക്ക് നിക്ഷേപം ആകര്‍ഷിച്ച ലോകനഗരങ്ങളില്‍ മൂന്നാം സ്ഥാനവും ദുബൈക്ക് തന്നെ. 247 വിവിധ പദ്ധതികളിലാണ് വിദേശ നിക്ഷേപം എത്തിയത്.

ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് വിദേശ നിക്ഷേപത്തില്‍ ദുബൈയുടെ മികവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം നൂതന സംരംഭങ്ങള്‍ വഴിയുള്ള പദ്ധതികളിലേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ലണ്ടനും സിംഗപ്പൂരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തൊട്ടുപിറകെ ദുബൈയുണ്ട്. പ്രാദേശിക സാമ്പത്തിക രംഗത്തിന്റെ കരുത്തും നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നിടാനുള്ള ശേഷിയുമാണ് എമിറേറ്റിലേക്കുള്ള സുസ്ഥിരമായ വിദേശനിക്ഷേപ ഒഴുക്ക് സൂചിപ്പിക്കുന്നതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. 60 ശതമാനം വിദേശ നിക്ഷേപവും ആസൂത്രിത പദ്ധതികളിലേക്കാണെത്തിയത്. അടിസ്ഥാന സൗകര്യം, സുസ്ഥിരത, സ്മാര്‍ട് സേവനം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിദേശ നിക്ഷേപത്തില്‍ 92 ശതമാനവും.
സാമ്പത്തിക കേന്ദ്രമെന്ന നിലയിലും വൈജ്ഞാനിക രംഗത്തും വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും ദുബൈ മികച്ച അവസരങ്ങള്‍ തുറന്നിട്ടു. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ 152 പദ്ധതികളില്‍ ദുബൈമുതല്‍ മുടക്കിയിട്ടുണ്ട്.