കരിപ്പൂര്‍ വികസനം: സ്വകാര്യ നിക്ഷേപ സാധ്യതകള്‍ ആരായാന്‍ ധനമന്ത്രിക്ക് നിവേദനം

Posted on: April 1, 2017 3:48 pm | Last updated: April 1, 2017 at 3:16 pm

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വിപുലീകരണ പ്രവൃത്തികളും റീ കാര്‍പെറ്റിംഗ് ജോലിയും പൂര്‍ത്തിയായിട്ടും നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളും അന്താരാഷ്ട്ര സര്‍വീസുകളും പുനഃസ്ഥാപിക്കാന്‍ വ്യോമയാന വകുപ്പ് സന്നദ്ധമാകാത്ത സാഹചര്യത്തില്‍, റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും വിമാനത്താവളത്തിന്റെ സമൂല വികസനത്തിനുമായി സ്വകാര്യപ്രവാസി നിക്ഷേപ സാധ്യതകള്‍ ആരായണമെന്നാവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന് കോഴിക്കോട് ജില്ലാ പ്രവാസി(യു എ ഇ) ഭാരവാഹികള്‍ നിവേദനം നല്‍കി.

വിപുലീകരണ പ്രവൃത്തികള്‍ക്കായി താത്കാലികമായിട്ടായിരുന്നു വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളുടെ പേര് പറഞ്ഞ് റണ്‍വേ വികസിപ്പിക്കാതെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനാകില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ് വ്യോമയാന വകുപ്പ്. വന്‍തുക നല്‍കി തദ്ദേശവാസികളില്‍ നിന്നും ഇതിനു വേണ്ട ഭൂമി ഏറ്റെടുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന് കീറാമുട്ടിയായിരിക്കുകയുമാണ്. ഇക്കാരണത്താല്‍ ഈ വര്‍ഷത്തെ ഹജ്ജ് എംബാര്‍കേഷന്‍ ലിസ്റ്റില്‍ നിന്ന് പോലും കരിപ്പൂര്‍ തഴയപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രവാസികളില്‍ നിന്നും നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ആലോചനകള്‍ ഉരുത്തിരിയുന്നത്.
യു എ ഇയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലബാറില്‍ നിന്നാണെന്നിരിക്കെ, അവരുടെ ഏക ആശ്രയമായ കോഴിക്കോട് വിമാനത്താവളത്തിലെ ഇപ്പോഴത്തെ യാത്രാ ക്ലേശം ഭാരവാഹികള്‍ മന്ത്രിയെ ധരിപ്പിച്ചു. പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്ടു നിന്നുള്ള പ്രമുഖ വ്യവസായി രാജു മേനോന്റെ നേതൃത്വത്തിലാണ് നിവേദകസംഘം മന്ത്രിയെ കണ്ടത്. നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ, കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ) രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, എ കെ ഫൈസല്‍, പ്രസിഡന്റ് രാജന്‍ കൊളവിപാലം, സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്വീഫ്, സി കെ ബശീര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.