Connect with us

Gulf

എയര്‍ കേരള അപ്രായോഗികം; നിക്ഷേപകരുടെ ദുരനുഭവം ഇല്ലാതാക്കും: തോമസ് ഐസക്‌

Published

|

Last Updated

ദുബൈ: കേരള എയര്‍ ലൈന്‍ പ്രായോഗികമല്ലെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ദുബൈയില്‍ സിറാജിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണുന്നതിന് കേരളം ആസ്ഥാനമായി പുതിയ വിമാനക്കമ്പനി തുടങ്ങുന്നതിന് ആവശ്യമായ പരിശോധന നടത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ പരിശോധന നടത്തിയെങ്കിലും പ്രതികൂലമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്.

വിമാനക്കമ്പനിയുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. വിമാനക്കമ്പനി തുടങ്ങാന്‍ വലിയനിക്ഷേപം ആവശ്യമാണ്. ചെറിയ നിക്ഷേപത്തില്‍ തുടങ്ങാന്‍ സാധ്യമല്ല. ഇത്രയും വലിയ തുക ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലില്ല. ആദ്യഘട്ടത്തില്‍ അഞ്ചു വര്‍ഷം ഇന്ത്യയില്‍ സര്‍വീസ് നടത്തണം. ഇത് പ്രായോഗികമല്ല. അതുകൊണ്ട് കേരള എയര്‍ ലൈനിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്പനികളുമായി ചര്‍ച്ച ചെയ്ത് നികുതി കുറക്കാന്‍ ആവശ്യമായ നടപടി സീകരിക്കും. കേരളത്തിലേക്ക് കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും.
കേരളത്തില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ട് വരുന്ന നിക്ഷേപകര്‍ക്ക് ആവശ്യമായ സൗകര്യം സര്‍ക്കാര്‍ നല്‍കും. കേരളത്തില്‍ ജന സാന്ദ്രത കൂടിയതും ഭൂമി ലഭിക്കാത്തതും പദ്ധതി തുടങ്ങുന്നതിന് തടസമാകുന്നുണ്ട്, പ്രവാസി നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ നടപടി സീകരിക്കും. വിദേശ്യ രാജ്യങ്ങളിലെ തൊഴില്‍ മേഖലയിലെ ആവശ്യം മനസിലാക്കി കേരളത്തില്‍ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ജി എസ് ടി നടപ്പിലാകുന്നതോടെ കേരളത്തില്‍ നികുതി മേഖലയില്‍ സമൂല മാറ്റംവരും. കേരളത്തില്‍ പെട്രോള്‍ കഴിഞ്ഞാല്‍ ഇലട്രോണിക് ഉത്പന്നങ്ങളാണ് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനാണ് ബജറ്റില്‍ ഇലട്രോണിക് പാര്‍ക് അനുവദിച്ചത് കിഫ്ബിയില്‍ മുതല്‍ മുടക്കാന്‍ ആവശ്യപ്പെട്ടത് റോഡ് ഉണ്ടാക്കാനല്ല. ലാഭകരമല്ലാത്ത നിക്ഷേപം നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടില്ല.

മുഖ്യമന്ത്രി ഇനിയും ഗള്‍ഫില്‍ സന്ദര്‍ശനം നടത്തും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കും കേരളം ചൈനയുടെ വിജയം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തി വ്യവസായം തുടങ്ങിയ മലയാളി വ്യവസായികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ നടപടി കേരള സര്‍ക്കാര്‍ ചെയ്തുവരികയാണ്. നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ സഹായം നല്‍കും. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ദുരനുഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുന്നതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ചെയ്തുനല്‍കും. കിഫ്ബി ടൂറിസം മേഖലയിലെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. കേരളത്തില്‍ ഏറ്റവും വികസിച്ചു വരുന്ന മേഖലയാണ് ടൂറിസം. കേരളത്തിലെ നീരൊഴുക്ക് ഗണ്യമായി വല്ലാത്ത രീതിയില്‍ അപകട പെട്ടിരിക്കുകയാണ്. പരിസ്ഥിതി പുനസ്ഥാപനം അത്യാവശ്യമായി വന്നിരിക്കുകയാണ്, ഇതിനു ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ടൂറിസം വികസനത്തിന് വളരെ അത്യാവശ്യമാണ് പരിസ്ഥിതി പുനഃസ്ഥാപനം. കേരളത്തിലെ പ്രകൃതി സൗന്ദര്യം വളരെ വലിയ അപകടത്തിലാണ്. വീണ്ടുവിചാരമില്ലാത്ത ഇടപെടലുകളാണ് കാരണം. പരിസ്ഥി സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. മഴവെള്ളം സംരക്ഷിക്കുവാന്‍ തടയണകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest