എന്തെല്ലാം പരീക്ഷകള്‍, പരീക്ഷണങ്ങള്‍?

Posted on: April 1, 2017 6:00 am | Last updated: April 1, 2017 at 10:45 am

‘പഴയ വിദ്യാഭ്യാസ രീതി, കുട്ടിയെ കരയിച്ചുപഠിപ്പിച്ചിരുന്ന രീതിയായിരുന്നുവെന്നും മനഃപാഠം പഠിക്കലാണ് കുട്ടിയെ കണ്ണീരണയിപ്പിച്ചിരുന്ന അധ്യാപന സമ്പ്രദായമെന്നുമാണ് പരക്കെ വിശ്വസിക്കപ്പെട്ടു പോരുന്നത്. എന്നാല്‍, ഈ വിശ്വാസത്തിന്റെ പല അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അധ്യയനം കേവലം സുഖകരമായ അനുഭവമാണോ? വിജ്ഞാനാര്‍ജനത്തില്‍ ക്ലേശസഹനം ഒരു ഘടകമല്ലേ? ഇന്ന് ക്ലേശ സഹനമെല്ലാം ഒഴിവാക്കി, പഠിക്കലും പഠിപ്പിക്കലും ആകാവുന്നത്ര വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിറുത്തിക്കൊണ്ടുവരുന്നുണ്ട്.’ സാഹിത്യകാരനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പുതിയ വിദ്യാഭ്യാസ രീതിയെ നിരീക്ഷിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണിത്.

ഇത്തവണത്തെ എസ് എസ് എല്‍ സി ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും നടത്തിയല്ലോ. ചോദ്യ പേപ്പര്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ തയ്യാറാക്കി, സമാനമായ ചോദ്യങ്ങള്‍ മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറില്‍ വന്നു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരീക്ഷ കഴിഞ്ഞ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ചോദ്യപേപ്പറിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു പരാതി. പിന്നീടുള്ള ദിവസങ്ങളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നത്. ആദ്യത്തെ പരാതിയെ ന്യായീകരിക്കാനുള്ള ശ്രമമാണോ രണ്ടാമത്തെ ചോര്‍ച്ചയെന്ന പരാതി എന്നത് ഇനി അന്വേഷണത്തിന് ശേഷമേ തിരിച്ചറിയാനാകൂ. എന്തായാലും ഗണിത ശാസ്ത്ര പരീക്ഷ വീണ്ടും എഴുതേണ്ടിവന്നു ഇത്തവണത്തെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക്.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു എന്നാണ് വാര്‍ത്ത. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്നാണ് കേസ്. ഇത്തരം സാഹചര്യത്തില്‍ ഉയര്‍ന്ന് വരുന്ന ചില അക്കാദമിക ചോദ്യങ്ങളുണ്ട്. എന്താണ് ഈ പരീക്ഷാ ബുദ്ധിമുട്ടിക്കല്‍? പഠനം എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. അനല്‍പ്പമായ ബുദ്ധിമുട്ട് ഇക്കാര്യത്തിലുണ്ടെന്ന് ഏതൊരു വിദ്യാര്‍ഥിയും സമ്മതിക്കും. (വാദത്തിന് വേണമെങ്കില്‍ നമുക്ക് പഠനം ഇഷ്ടമാണ്, മധുരമാണ് എന്നൊക്കെ സിദ്ധാന്തങ്ങള്‍ പറയാം). പഠനം മാത്രമല്ല, സ്‌കൂള്‍ ജീവിതം പോലും കുട്ടിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയം ഇടക്കുള്ള ചില ഇടവേളകളൊഴിച്ചാല്‍ മരത്തില്‍ പണിത ബെഞ്ചില്‍ അങ്ങിനെ ഇരുന്നാണല്ലോ നമ്മുടെ സ്‌കൂളുകളില്‍ അധ്യയനം നടക്കുന്നത്. ഇനി മരത്തില്‍ പണിത ബെഞ്ചും ഡെസ്‌കും മാറ്റി കുഷ്യന്‍ ഉള്ള കസേരയായാല്‍ പോലും കുറച്ചു കഴിയുമ്പോള്‍ ബോറടിച്ചും പുറം വേദനിച്ചും കുട്ടികള്‍ക്ക് അത്ര ഉത്സാഹകരമാകില്ല സ്‌കൂള്‍ ക്ലാസ് അന്തരീക്ഷം. മിക്ക ക്ലാസ് മുറികളിലും 40 മുതല്‍ 50 വരെയൊക്കെയാണ് കുട്ടികളിരിക്കുന്നത്. ഭാഷാ ക്ലാസുകളാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. കുട്ടികളുടെ എണ്ണം കൂടുന്നതാണ് സ്ഥിതിവിശേഷം.
സ്‌കൂളില്‍ പോവുക, യൂനിഫോം ധരിക്കുക, കളിച്ചും സംസാരിച്ചിരിക്കുന്നതിനും പകരം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക, ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അധ്യാപകര്‍ പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവക്ക് ഉത്തരം പറയുക എന്നതൊന്നും കുട്ടികള്‍ക്ക് പൊതുവെ ഇഷ്ടമുള്ള കാര്യങ്ങളല്ല.

പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ചര്‍ച്ച, കുറിപ്പെഴുതുക, ചാര്‍ട്ട് തയ്യാറാക്കുക, സെമിനാര്‍, ചിലപ്പോള്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക(വിരളമായി സംഭവിക്കുന്നത്) റോള്‍ പ്ലേ തുടങ്ങി പലവിധ രീതികളുണ്ട്. ഭൂരിഭാഗവും എത്രമാത്രം വിരസതയാണ് സൃഷ്ടിക്കുന്നതെന്ന് വിദ്യാര്‍ഥികളോട് ചോദിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കും. ഒരു ദിവസം സ്‌കൂള്‍ ഇല്ല എന്നറിയുമ്പോഴും അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത വിഷയം പഠിപ്പിക്കുന്ന അധ്യാപകന്‍ അവധിയാണ് എന്നൊക്കെ കേള്‍ക്കുമ്പോഴും കുട്ടികളുടെ മുഖത്തെത്ര സന്തോഷമാണ്. സ്‌കൂളിലേക്ക് പോകുന്ന പോലെയല്ല സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലേക്ക് തിരിക്കുമ്പോഴുണ്ടാകുന്നത്. ഈ ലോകത്ത് പഠിക്കാതെ മുന്നേറാന്‍ കഴിയാത്തതുകൊണ്ട് ഒരു നിര്‍ബന്ധിത കടമപോലെ ഈ സമ്പ്രദായം ഇങ്ങനെ നിലനിന്ന് പോകുന്നു. ഇഷ്ടമായാലും ഇല്ലെങ്കിലും കുഞ്ഞുണ്ണി മാഷുടെ കവിത മുതല്‍ കെമിസ്ട്രിയിലെ പിരിയോഡിക് ടേബിളും ഗണിതത്തിലെ അള്‍ജിബ്രയുമൊക്കെ പഠിക്കേണ്ടി വരും. ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടായി തോന്നുകയും ചെയ്യും. അപ്രകാരം കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് തന്നെ മനുഷ്യാവകാശ ലംഘനമാണെന്ന് പറയേണ്ടി വരും. പരീക്ഷാ സമ്പ്രദായത്തില്‍ നിരന്തരമായ വായനയും പരിശീലനങ്ങളുമെല്ലാം വേണ്ടിവരും. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷ നടത്തുകയെന്നത് തന്നെ മനുഷ്യാവകാശ ലംഘനമല്ലേ? കണക്ക് തന്നെ പൊതുവെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. ഇനി ചോദ്യക്കടലാസ് കൂടി ബുദ്ധിമുട്ടാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?
യു എസ് എസ്, എല്‍ എസ് എസ് പരീക്ഷയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടാനും അതുവഴി സ്‌കൂളിന് മികച്ച പേര് കേള്‍പ്പിക്കാനും ഉത്തരക്കടലാസില്‍ പെന്‍സില്‍ കൊണ്ട് എഴുതിപ്പിച്ച ശേഷം അധ്യാപകര്‍ തന്നെ ഉത്തരമെഴുതി ഉയര്‍ന്ന സ്‌കോര്‍ നേടിക്കൊടുത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടല്ലോ.

എസ് എസ് എല്‍ സി പരീക്ഷാഫലം ഉയരുന്നത് സര്‍ക്കാറിന്റെ മേന്മയായി പരിഗണിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അപ്രകാരം ഗണിതശാസ്ത്ര പരീക്ഷ ബുദ്ധിമുട്ടാണെങ്കില്‍ മാര്‍ക്ക് ദാനം നല്‍കിയാലും ഫലമില്ലെങ്കില്‍ അത് വിജയശതമാനത്തെ ബാധിക്കും. വിജയ ശതമാനം കുറഞ്ഞാല്‍ കുട്ടികളുടെ പഠനനിലവാരം കുറഞ്ഞുവെന്ന ആക്ഷേപം വരും. പാഠ്യപദ്ധതിയെ കുറിച്ചും ബോധന രീതികളെ സംബന്ധിച്ചുമെല്ലാം വിമര്‍ശനമുയരും. ഇക്കാരണം കൊണ്ടുതന്നെ ഇത്തരമൊരു സാഹസത്തിന് ഒരു സര്‍ക്കാറും തുനിയുകയില്ല. കുട്ടികളെ പരമാവധി വിജയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എളുപ്പമുള്ള ചോദ്യപേപ്പര്‍ അടുത്ത പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതാണ്.
എസ് എസ് എല്‍സിയുടെയും മറ്റു പരീക്ഷകളുടെയും വിജയശതമാനം ഉയര്‍ത്താന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവണതകള്‍ സ്‌കൂളുകളില്‍ നടക്കുന്നു എന്നത് നഗ്നമായ സത്യമാണ്. എല്‍ എസ് എസ് , യു എസ് എസ് പരീക്ഷകളില്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചു എന്ന ഖ്യാതി കിട്ടാന്‍ പെന്‍സില്‍ കൊണ്ട് ഉത്തരമെഴുതികൊടുക്കുന്നവര്‍ മുതല്‍ അഡീഷനല്‍ ഷീറ്റില്‍ ഉത്തരമെഴുതി കൊടുത്ത് മൂല്യനിര്‍ണയത്തിന് അയച്ച സംഭവം വരെ ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യത്തില്‍ അഞ്ച് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. അതിലൊരാള്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന അധ്യാപക സംഘടനാ നേതാവായിരുന്നു. ഭൂരിഭാഗം ചോദ്യങ്ങളും പരോക്ഷമായിട്ടുള്ളതാണെന്നും ഏറെ ചോദ്യങ്ങള്‍ ശരാശരിക്കാരായ കുട്ടികള്‍ക്കു പോലും ഉത്തരം കണ്ടെത്താന്‍ കഴിയാത്തതാണെന്നുമുള്ള പരാതിയാണ് ഇത്തവണ ആദ്യം ഉയര്‍ന്നത്. ചോദ്യത്തിലെ പിശകിന് കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടം വരില്ലെന്ന് ഉടനെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്താണ് ഈ പരോക്ഷമായ ചോദ്യങ്ങള്‍? എന്തൊക്കെയാണ് ഇത്തവണത്തെ ചോദ്യ പേപ്പറിലെ പ്രശ്‌നങ്ങളെന്ന് നോക്കാം. ഗണിത ശാസ്ത്ര വിഷയത്തില്‍ നിന്നും ശരാശരിക്കാരായ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചോദ്യങ്ങള്‍ക്ക് പകരം മിടുക്കരായ കുട്ടികളെ പരിഗണിക്കുന്ന തരത്തിലാണ് ചോദ്യങ്ങള്‍ വന്നതെന്നാണ് ഗണിത ശാസ്ത്ര അധ്യാപകരുടെ പ്രധാന ആക്ഷേപം. ഒരു ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതിന് ധാരാളം ഘട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. ബ്ലൂ പ്രിന്റ് തയ്യാറാക്കുക എന്നതാണ് അതിലൊരു പ്രധാന ഭാഗം. അതായത് ഓരോ പാഠഭാഗത്തു നിന്നും വരേണ്ട ചോദ്യങ്ങളുടെ എണ്ണം, അവയുടെ നിലവാരത്തിന്റെ ഗതി (എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത്, ഏറെ കഠിനമായത്) എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഈ രേഖയിലുള്‍പ്പെടുത്തും. ചോദ്യങ്ങളുടെ രീതികളും (വിശദീകരണം, ഒറ്റവാക്ക്, ചേരുംപടി ചേര്‍ക്കുക തുടങ്ങിയവ).
പ്രസിദ്ധ അമേരിക്കന്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ സാമുവല്‍ ബ്ലൂം മുന്നോട്ട് വെച്ച ടാക്‌സോണമി പ്രകാരമുള്ള ലക്ഷ്യങ്ങളാണ് നമ്മുടെ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ട ഉദ്ദേശ്യങ്ങളായി പരിഗണിച്ചുവരുന്നത്. സംസ്ഥാന സര്‍ക്കാര്‍, സി ബി എസ്ഇ സിലബസുകളിലെല്ലാം ഇതിന്റെ സ്വാധീനം പ്രകടമാണ്. വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ട ഉദ്ദേശ്യങ്ങളെ ബെഞ്ചമിന്‍ ബ്ലൂം വര്‍ഗീകരിച്ചിട്ടുണ്ട്. ധാരണ, ഓര്‍മ, പ്രയോഗവത്കരണം, അപഗ്രഥനം, അനുമാനം, സൃഷ്ടിപ്പ് എന്നിങ്ങനെ ധാരണ ഘട്ടമായി (ഠവല രീഴിശശേ്‌ല റീാമശി ) അദ്ദേഹം ഇതിനെ വര്‍ഗീകരിച്ചിട്ടുണ്ട്.

ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോഴും ഈ വിദ്യാഭ്യാസ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന തലത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.ഇതില്‍ പഠനത്തിന്റെ ഉന്നത ലക്ഷ്യങ്ങളിലൊന്നായി പരിഗണിക്കുന്ന ഘട്ടമാണ് പ്രയോഗവത്കരണ ഘട്ടം. കുട്ടി നേടിയെടുത്ത അടിസ്ഥാന അറിവ്, വസ്തുതകള്‍, വിദ്യ, നിയമങ്ങള്‍ തുടങ്ങിയവ പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.ഉദാഹരണമായി സമാന്തരശ്രേണി എന്ന പാഠഭാഗത്തിലെ ഏതെങ്കിലും ഒരു ചോദ്യം മറ്റേതെങ്കിലും സാഹചര്യവുമായി ബന്ധിപ്പിക്കുന്നതിനെ അളക്കുന്ന തരത്തിലുള്ള ചോദ്യമാണിത്. ഇവിടെ വിവാദമായ ചോദ്യപ്പേപ്പറില്‍ ടെക്സ്റ്റ്ബുക്കില്‍ ഒരിക്കല്‍ പോലും ചര്‍ച്ചചെയ്യാത്ത ലെവലിലേക്ക് സമാന്തരശ്രേണി എന്ന പാഠ ഭാഗത്തിലെ ചോദ്യങ്ങളെ കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇതെങ്ങിനെയാണ് നമുക്ക് ആക്ഷേപിക്കാനാകുക? ഇത്തരത്തിലുള്ള ചോദ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും വാദിച്ച് ഡി പി ഇ പി വിദ്യാഭ്യാസത്തെ സ്വീകരിച്ചവരും അതിന്റെ തുടര്‍ച്ച നടപ്പിലാക്കിയതുമായ സര്‍ക്കാറുകളാണ് നമുക്കുള്ളത്.
കുട്ടികള്‍ കാണാപാഠം പഠിക്കേണ്ടതില്ലെന്നും സ്വയം ചിന്തിച്ച് ഉത്തരമെഴുതാന്‍ കഴിയണമെന്നുമൊക്കെയാണല്ലോ നമ്മള്‍ കൊട്ടിഘോഷിച്ച് ഇവിടെ നടന്നത്. പിന്നെ എന്താണ് ഇപ്പോള്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ പരീക്ഷാ പേപ്പറില്‍ ഉള്‍പ്പെടുത്തുന്നതിനെ മനുഷ്യാവകാശ ലംഘനമായിട്ടൊക്കെ കാണുന്നത്?

2005ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയപ്പോള്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നിന്ന് മാതൃകയാക്കി ദേശീയ പാഠ്യപദ്ധതിയില്‍ ഇടം പിടിക്കുകയും ചെയ്തു. അത് സിബി എസ് ഇയിലേക്കും വ്യാപിക്കുന്ന അവസ്ഥയാണ് പിന്നെ കണ്ടത്. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ സി ബി എസ് ഇ പഴയ രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നതാണ് കാണുന്നത്. മാറി ചിന്തിക്കാന്‍ നമുക്ക് എന്നാണ് സമയമാവുക?
പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും ചോദ്യകര്‍ത്താക്കളും തമ്മില്‍ കൂട്ടായ ചര്‍ച്ചക്ക് വഴിയൊരുക്കുന്ന പഴയ സംവിധാനം നിര്‍ത്തലാക്കിയതാണ് ചോദ്യചോര്‍ച്ചക്കുള്ള സാധ്യത കൂട്ടിയത്.നേരത്തെ നാല് പേര്‍ ചേര്‍ന്ന് പൊതുപരീക്ഷ, മോഡല്‍ പരീക്ഷ, സേ പരീക്ഷ, റിസര്‍വ് ചോദ്യം എന്നിങ്ങനെ തയ്യാറാക്കുകയാണുണ്ടായിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ ആവര്‍ത്തന ചോദ്യസാധ്യത ഇല്ലാതിരുന്നു. കൂടാതെ ചോദ്യങ്ങളുടെ സ്വഭാവവും ബ്ലൂപ്രിന്റ് അടിസ്ഥാനത്തിലുള്ള ചര്‍ച്ചയുമെല്ലാം സാധ്യമായിരുന്നു. നിര്‍ഭാഗ്യ വശാല്‍ പരിഷ്‌കരണത്തിന്റെ പേരില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍ പിറകോട്ടുള്ള നടത്തം അഭിമാനത്തിന് കോട്ടം വരുത്തുമെന്ന കാഴ്ചപ്പാട് മാറ്റുകയാണ് വേണ്ടത്.