സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അകത്തായത് 1260 ഗുണ്ടകള്‍

Posted on: April 1, 2017 10:48 am | Last updated: April 1, 2017 at 10:23 am

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ മാസം 19 മുതല്‍ 25 വരെ 1260 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 350 പേരും, കൊച്ചി റേഞ്ചില്‍ 479 പേരും, തൃശൂര്‍ റേഞ്ചില്‍ 267 പേരും, കണ്ണൂര്‍ റേഞ്ചില്‍ 164 പേരുമാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 250, തിരുവനന്തപുരം റൂറല്‍ 41, കൊല്ലം സിറ്റി 06, കൊല്ലം റൂറല്‍ 49, പത്തനംതിട്ട 04, ആലപ്പുഴ 75, കോട്ടയം 47, ഇടുക്കി 43, കൊച്ചി സിറ്റി 160, എറണാകുളം റൂറല്‍ 154, തൃശൂര്‍ സിറ്റി 57, തൃശൂര്‍ റൂറല്‍ 98, പാലക്കാട് 35, മലപ്പുറം 77, കോഴിക്കോട് സിറ്റി 28, കോഴിക്കോട് റൂറല്‍ 31, കണ്ണൂര്‍ 29, വയനാട് 21, കാസര്‍ഗോഡ് 55. ഇതിന്റെ ഭാഗമായി 1233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരം 67 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐ പി സി 366, 376 വകുപ്പുകള്‍ പ്രകാരം 26 പേരും അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 710 പേരും അറസ്റ്റിലായി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (കാപ്പ) കേസില്‍ പെട്ടവരും, ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി ഗുണ്ടകള്‍ ഉള്‍പ്പെടെ 289 പേര്‍ അറസ്റ്റിലായി. ഇതില്‍ 138 പേര്‍ അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ്.
കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് 42 പേര്‍ പിടിയിലായി. സി ആര്‍ പി സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 120 പേരും അറസ്റ്റിലായി.