തോമസ് ചാണ്ടി തന്നെ മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

Posted on: March 31, 2017 12:20 pm | Last updated: April 1, 2017 at 10:39 am

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി അധികാരമേല്‍ക്കും. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ശശീന്ദ്രന്‍ തന്നെ വീണ്ടും മന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി തോമസ് ചാണ്ടി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം താന്‍ തന്നെ മന്ത്രിയാകുമെന്ന് നൂറ് ശതമാനം ശുഭപ്രതീക്ഷയുണ്ടെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പായി എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് കൈമാറിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗമാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം അംഗീകരിച്ചത്.