Connect with us

Sports

ഐ സി സി ടെസ്റ്റ് റാങ്കിംഗ്; ലോകേഷ് കരിയര്‍ ബെസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ കരിയറിലെ ഏറ്റവും മികച്ച ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍. ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ ആറ് അര്‍ധസെഞ്ച്വറികളുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ലോകേഷ് 46 സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം റാങ്കിലേക്ക് ഉയര്‍ന്നു. പരമ്പര ആരംഭിക്കുമ്പോള്‍ കര്‍ണാടക ബാറ്റ്‌സ്മാന്‍ 57ാം സ്ഥാനത്തായിരുന്നു. നാല് ടെസ്റ്റുകളിലായി എട്ട് ഇന്നിംഗ്‌സുകളില്‍ 64, 10, 90, 51, 67, 60, 51 നോട്ടൗട്ട് എന്നിങ്ങനെയാണ് ലോകേഷിന്റെ സ്‌കോറിംഗ്.
നാലാം റാങ്കിലുള്ള ചേതേശ്വര്‍ പുജാരയും അഞ്ചാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയും കഴിഞ്ഞാല്‍ മികച്ച റാങ്കിംഗ് ലോകേഷിന്റെതാണ്.

അജിങ്ക്യ രഹാനെ പതിനാലാം സ്ഥാനത്തും മുരളി വിജയ് മുപ്പത്തിനാലാം സ്ഥാനത്തുമാണ്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പേസര്‍ ഉമേഷ് യാദവ് ഇതാദ്യമായി ഇരുപത്തൊന്നാം റാങ്കിലേക്ക് കയറി.ധരംശാല ടെസ്റ്റിലെ പ്രകടനമാണ് ഉമേഷിന് ഗുണം ചെയ്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 69ന് രണ്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ 29ന് മൂന്ന് വിക്കറ്റും വീഴ്ത്തിയ ഉമേഷ് യാദവ് അഞ്ച് സ്ഥാനമാണ് മെച്ചപ്പെടുത്തിയത്.ആള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിനെ പിന്തള്ളി രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് ഒന്നാം റാങ്കില്‍.

ഇന്ത്യക്കെതിരായ പരമ്പരയില്‍ 499 റണ്‍സടിച്ച ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കക്കെതിരെ 176 റണ്‍സടിച്ച ന്യൂസിലാന്‍ഡിന്റെ കാന്‍ വില്യംസന്‍ രണ്ടാം റാങ്കില്‍.