മദ്‌റസാധ്യാപകന്റെ കൊല; വിവിധ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

Posted on: March 30, 2017 9:01 pm | Last updated: March 30, 2017 at 9:01 pm

കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനും മദ്‌റസാ അധ്യാപകനുമായ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
ഇന്നലെ രാവിലെ കാസര്‍കോട് അതിഥിമന്ദിരത്തിലെത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

റിയാസ് മൗലവി വധക്കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അപാകതകള്‍ ലീഗ് നേതാക്കള്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും അത് പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു.
അതേസമയം ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.