Connect with us

Kerala

ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയത് തന്നെ

Published

|

Last Updated

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിലെ തെളിവുകള്‍ പോലീസ് ശേഖരിച്ച് സര്‍ക്കാറിന് കൈമാറി. പരാതി ലഭിക്കാതെ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന പോലീസിന്റെ സാങ്കേതികത്വത്തിന് അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചു.

സത്യസന്ധമായ അന്വേഷണം നടത്തി ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പട്ടം ശശിധരനും നാഷനലിസ്റ്റ് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മുജീബ ്‌റഹ്മാനും ഡി ജി പിക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. അതേസമയം, അഞ്ചംഗ ടീമിനെ നിയോഗിച്ച് എക്‌സ്‌ക്ലുസീവ് വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ട ചാനലില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തകയും പറഞ്ഞു.
സംഭവത്തില്‍ പൊതുജനങ്ങളില്‍ സംശയമുണ്ടെന്നും അത് ദുരീകരിക്കാന്‍ അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പരാതി ലഭിച്ചതോടെ പോലീസിന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കും. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പര്‍ സര്‍ക്കാറിന്റെ പേരിലുള്ള ബി എസ് എന്‍ എല്‍ കണക്ഷനാണ്.

ഇതിലേക്കുള്ള വിളികളുടെ പൂര്‍ണ വിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്.
ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ നിയോഗിച്ചിരിക്കുകയായിരുന്നു. ഈ യുവതി പതിവായി മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്കുള്ള വിളികളായിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് വിളിച്ച് യുവതി അടുപ്പമുണ്ടാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത.് പരാതി നല്‍കാനെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു.

അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ ആരംഭിക്കും. സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോര്‍ഡ് ചെയ്ത സംഭാഷണം എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ അതിന് പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മിഷന്‍ അന്വേഷിക്കും.

 

Latest