Connect with us

Gulf

ബ്രക്‌സിറ്റ്: കൂടുതല്‍ നിക്ഷേപ സാധ്യതയുണ്ടെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നത് (ബ്രക്‌സിറ്റ്) ദ്രവീകൃത പ്രകൃതി വാതകം കൂടുതല്‍ വിതരണം ചെയ്യാനും ബ്രിട്ടീഷ് ഊര്‍ജ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുമുള്ള അവസരമാണ് ഖത്വറിന് നല്‍കുന്നതെന്ന് ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ. ബ്രിട്ടന്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തില്‍ 90 ശതമാനവും ഖത്വറില്‍ നിന്നാണ്. മാത്രമല്ല, ഖത്വറിന് ബ്രിട്ടനില്‍ 40 ബില്യന്‍ പൗണ്ട് നിക്ഷേപവുമുണ്ട്.ബ്രക്‌സിറ്റിന് ശേഷം യു കെക്ക് പുതിയ യുഗപ്പിറവിയാണുണ്ടാകുക. എന്താകും പര്യവസാനമെന്ന് ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കുന്നില്ല.

എന്നാല്‍, ബ്രിട്ടന്റെ ഉത്പാദന ശേഷി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല ഊര്‍ജത്തിനുള്ള ആവശ്യം വര്‍ധിക്കുകയും ചെയ്യും. ആവശ്യമുള്ള ഊര്‍ജം വിതരണം ചെയ്യാന്‍ ഖത്വറിന് ശേഷിയുണ്ടെന്നും അല്‍ സാദ പറഞ്ഞു. 2008ലാണ് ഖത്വറില്‍ നിന്ന് ബ്രിട്ടന്‍ പ്രകൃതി വാതകം വാങ്ങാന്‍ തുടങ്ങിയത്. യൂറോപ്പിലെ ഏറ്റവും വലിയ എല്‍ എന്‍ ജി ടെര്‍മിനലുകളിലൊന്നായ കെന്റിലെ സൗത്ത് ഹൂക്കിലാണ് കപ്പലുകള്‍ നങ്കൂരമിടാറുള്ളത്. ഈ ടെര്‍മിനല്‍ ഖത്വറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
യു എസിലെയും ആസ്‌ത്രേലിയയിലെയും പുതിയ പദ്ധതികള്‍ കാരണം ഏഷ്യയില്‍ എല്‍ എന്‍ ജി ഉത്പാദകരില്‍ നിന്ന് ഖത്വര്‍ മത്സരം നേരിടുന്നുണ്ട്. യൂറോപ്പില്‍ കരാറുകള്‍ ദീര്‍ഘിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഖത്വര്‍ നേരത്തെ അറിയിച്ചിരുന്നു.

 

Latest