Connect with us

Articles

ഗവേഷണങ്ങളെ ആരാണ് ഭയപ്പെടുന്നത്?

Published

|

Last Updated

ഈ ആഴ്ച മുഴുക്കെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. യു ജി സിയുടെ പുതിയ നിര്‍ദേശമനുസരിച്ച്, 2017-18 അക്കാദമിക വര്‍ഷത്തില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ കോഴ്‌സുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ ഇപ്പോഴും പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. മെയ് അഞ്ചിന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഉന്നത വിദ്യാഭ്യാസ നിയന്ത്രണ നിര്‍ദേശങ്ങളിലാണ് കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിക്കുന്ന വിചിത്രമായ തീരുമാനം.
ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ യൂണിവേഴ്‌സിറ്റി വകുപ്പുകളിലെ ഒരു പ്രൊഫസര്‍ക്ക് കീഴില്‍ ഗവേഷണം ചെയ്യാവുന്നവരുടെ എണ്ണം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്തവിധം വെട്ടിച്ചുരുങ്ങും. ഇത് പ്രകാരം, ഒരു പ്രൊഫസര്‍ക്ക് എം ഫില്ലിന് മൂന്ന് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഗൈഡന്‍സ് നല്‍കാനാവൂ. പി എച്ച് ഡി ചെയ്യുന്നവരുടെ എണ്ണം കേവലം എട്ടെണ്ണവും. അതേസമയം, ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ കീഴില്‍ ഒരു എം ഫില്‍ വിദ്യാര്‍ഥിയും നാല് പി എച്ച് ഡിക്കാരും മാത്രമേ ഗവേഷണം നടത്താവൂ. അസോസിയേറ്റ് പ്രൊഫസര്‍ ആണെങ്കില്‍ എം ഫില്‍ രണ്ടും പി എച്ച് ഡി നാലും മാത്രം. ഒരു യൂണിവേഴ്‌സിറ്റിയിലെ ഗവേഷക മേധാവികളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ ഇനി ഓരോ ഡിപാര്‍ട്ടുമെന്റിലും പ്രവേശനം നല്‍കാന്‍ കഴിയൂ എന്ന് ചുരുക്കം. പുതിയ നിര്‍ദേശമനുസരിച്ച് ഓരോ വകുപ്പിലുമുള്ള സീറ്റുകളുടെ എണ്ണം അതത് യൂണിവേഴ്‌സിറ്റികള്‍ സ്വയം തീരുമാനിക്കണം.
പുതിയ ഗൈഡ്‌ലൈന്‍സ് അനുസരിച്ചാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജെ എന്‍ യു അഡ്മിഷന്‍ പ്രോസ്‌പെക്ടസ് തയ്യാറാക്കിയിരിക്കുന്നത്. പല വകുപ്പുകളിലും ഒരു വിദ്യാര്‍ഥിക്ക് പോലും ഇത്തവണ പ്രവേശനമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയിലെ യു ജി സി ആസ്ഥാനത്തിന് മുന്‍പില്‍ ജെ എന്‍ യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കമിട്ടത്.

വിവിധ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരും വിദ്യാര്‍ഥികളുടെ പ്രതിഷേധപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. ഗവേഷണ വകുപ്പുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ആപേക്ഷികമായി ഗവേഷണ വിദ്യാര്‍ഥികളുടെ സീറ്റുകളുടെ എണ്ണവും വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിഷേധത്തിന് പിന്തുണ നല്‍കുന്ന അധ്യാപകര്‍. എന്നാല്‍ അങ്ങനെ നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ ഈ പരീക്ഷണം നടത്തി പരാജയപ്പെട്ട അനുഭവവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യു ജി സിയുടെ പുതിയ ഉത്തരവിനെ മറികടക്കാന്‍ മാര്‍ച്ച് ആറ് മുതല്‍ ഗുജറാത്ത് കേന്ദ്രസര്‍വകലാശാല കൂടുതല്‍ അധ്യാപകരെ നിയമിക്കാന്‍ തുടങ്ങി. 29 പുതിയ നിയമനങ്ങള്‍ നടന്നെങ്കിലും അതനുസരിച്ച് ഗവേഷണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചില്ല. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച്, ഓരോ ഡിപ്പാര്‍ട്ടുമെന്റിലും നിയമാനുസൃതമായി അനുവദിക്കാവുന്നതിലപ്പുറം വിദ്യാര്‍ഥികളാണ് നിലവില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതായിരുന്നു കാരണം. അങ്ങനെ വരുമ്പോള്‍ ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ക്ക് പേരുകേട്ട ജെ എന്‍യുവിന്റെ കാര്യം തീര്‍ത്തും അപകടത്തിലാണ്. മിക്ക കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികളിലും ഇതാണ് സ്ഥിതി. ഫാക്കല്‍ട്ടിയുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ അഡ്മിഷന്‍ രംഗത്തും മാറ്റമുണ്ടാകൂ. ഇങ്ങനെ അനാവശ്യമായി അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഓരോ യൂണിവേഴ്‌സിറ്റിക്കും പരിമിതികള്‍ ഉണ്ടല്ലോ. അപ്പോള്‍ ഗവേഷണരംഗത്തെ ഈ പ്രതിസന്ധി സമീപഭാവിയില്‍ കൂടുതല്‍ രൂക്ഷമാവുകയാണ് ചെയ്യുക.

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ജെ എന്‍ യു പോലുള്ള ക്യാംപസുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ആശങ്കയിലായിരിക്കുന്നത്. പ്രവേശന പരീക്ഷ എന്ന മാനദണ്ഡം എടുത്തുകളഞ്ഞ് ഗവേഷണകോഴ്‌സുകളിലേക്ക് കേവലം യോഗ്യതാ ടെസ്റ്റ് വഴി പ്രവേശനം നല്‍കാനും പുതിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്. അങ്ങനെ വരുമ്പോള്‍ ഇതുവരെ യൂണിവേഴ്‌സിറ്റികള്‍ നടത്തിവരുന്ന പ്രവേശനമാനദണ്ഡങ്ങള്‍ മാറ്റിവെച്ച്, പേരിന് ഒരു ടെസ്റ്റ് നടത്തി, കേവലം അഭിമുഖത്തിലൂടെ പ്രവേശനം നല്‍കാന്‍ യൂണിവേഴ്‌സിറ്റി വകുപ്പുകള്‍ക്ക് സാധിക്കും. സ്വന്തക്കാര്‍ക്ക് ഗവേഷണ കോഴ്‌സുകളിലേക്ക് ഇന്റര്‍വ്യൂ വഴി പ്രവേശനം ഉറപ്പിക്കാനുള്ള നീക്കമാണിതെന്നും വിദ്യാര്‍ഥികള്‍ പരാതി പറയുന്നുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ജനാധിപത്യസ്വഭാവത്തെ മാരകമായി പരുക്കേല്‍പ്പിക്കുന്ന നീക്കമാണിത്. ഗവേഷണരംഗത്ത് ആര്‍ എസ് എസ് താത്പര്യങ്ങള്‍ നടപ്പില്‍വരുത്താനും ക്യാംപസുകള്‍ അരാഷ്ട്രീയവത്കരിക്കാനുമുള്ള ആസൂത്രണത്തിന്റെ ഭാഗം മാത്രമാണ് യു ജി സിയുടെ പുതിയ തീരുമാനങ്ങളെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്നു. പൊതുസര്‍വകലാശാല എന്ന അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം തീരുമാനങ്ങളെന്ന് ജെ എന്‍ യു ടീച്ചേഴ്‌സ് അസോസിയേഷന്‍ നിരീക്ഷിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് ദേശീയമൂല്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ആര്‍ എസ് എസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്തത് രാജ്യത്തെ 51 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരടക്കം 700 അക്കാദമിക വിദഗ്ധരാണ്. പ്രസ്തുത മീറ്റില്‍ ചര്‍ച്ച നയിച്ചത് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും. അപ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെ ഫാസിസ്റ്റ് താത്പര്യങ്ങളും അജന്‍ഡകളും ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാനും അതുവഴി നിലവിലുള്ള ഫാസിസ്റ്റ് പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് യു ജി സിയുടെ പുതിയ നിര്‍ദേശം എന്നത് ഈ ശില്‍പശാലയോട് കൂട്ടിവായിക്കുമ്പോഴാണ് കൂടുതല്‍ വ്യക്തത വരുന്നത്.

ഇതേ പദ്ധതിയുടെ ഭാഗമായാണ് മോശം പ്രകടനം കാഴ്ചവെക്കുന്ന സര്‍വകലാശാലകള്‍ എന്ന പേരില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാല ഉള്‍പ്പെടെ പ്രധാനപ്പെട്ട 11 യൂണിവേഴ്‌സിറ്റികളാണ് ലിസ്റ്റിലുള്ളത്. രാജ്യത്തെ മികച്ച സര്‍വകലാശാലകള്‍ക്ക് യു ജി സി നല്‍കുന്ന ചഅഅഇന്റെ എ ഗ്രേഡ് അക്രഡിയേഷന്‍ ലഭിച്ച സ്ഥാപനങ്ങളാണ് ഈ ലിസ്റ്റിലെ മിക്ക യൂണിവേഴ്‌സിറ്റികളും എന്നതാണ് ഏറെ രസകരമായ വസ്തുത. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാല, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ലഖ്‌നൗ, അലഹാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയവയാണ് ഈ ലിസ്റ്റിലെ മറ്റ് യൂണിവേഴ്‌സിറ്റികള്‍.”ഇത് ചില യൂണിവേഴ്‌സിറ്റികളെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. എന്താണ് ഇത്തരം തിരഞ്ഞെടുപ്പിന് മാനവവിഭവ ശേഷി മന്ത്രാലയം മാനദണ്ഡമാക്കുന്നത്? എല്ലാ നിലയിലും അലിഗഢ് യൂണിവേഴ്‌സിറ്റി മികച്ച നിലവാരമാണ് പുലര്‍ത്തിവരുന്നത്. ഗവേഷണ കോഴ്‌സുകള്‍ക്ക് ഉള്‍പ്പെടെ ഈ വര്‍ഷവും വിദ്യാര്‍ഥികളുടെ ഒഴുക്കാണ് കാണാന്‍ കഴിഞ്ഞത്. അലിഗഢ് വി സി സമീറുദ്ദീന്‍ ഷാ പ്രതികരിച്ചത് ഇങ്ങനെയാണ്. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് യൂണിവേഴ്‌സിറ്റികളും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായാണ് എതിര്‍ത്തത്.
നിലവില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ഒ ബി സി വിഭാഗത്തിനുള്ള 27 ശതമാനം സംവരണം, അലിഗഢ് ഉള്‍പ്പെടെയുള്ളവയുടെ ന്യൂനപക്ഷ പദവി, പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ഗവേഷണവിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റുകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍ നേതൃത്വം നല്‍കുന്ന സമരങ്ങള്‍, ജനാധിപത്യരീതിയിലുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവയൊക്കെയും ഭീഷണിയുടെ നടുവിലാണ്. ഒരു പൊതുസര്‍വകലാശാലക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനയോഗ്യതകള്‍ ഓരോന്നും എടുത്തുകളയുന്ന, അരികുവല്‍കരിക്കപ്പെട്ട വിദ്യാര്‍ഥിസമൂഹത്തെ വീണ്ടും ഒറ്റപ്പെടുത്തുന്ന, വിദ്യാര്‍ഥികളുടെ അവകാശങ്ങളെയും അവസരങ്ങളെയും നിയന്ത്രിക്കുന്ന നിരവധി നിര്‍ണായകമായ തീരുമാനങ്ങളാണ് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ജെ ആര്‍ എഫ് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും മതിയായ ഗവേഷണ സീറ്റുകള്‍ ഇല്ലാതാകുന്ന അവസ്ഥയാണ് ഒടുവില്‍ വന്ന യു ജി സി നിര്‍ദേശങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
യൂണിവേഴ്‌സിറ്റികളുടെ നിലവാരം ഉയര്‍ത്താന്‍ എന്ന പേരിലാണ് ഓരോ തീരുമാനവും ഉണ്ടാകുന്നത്.

അര്‍ഹരായവര്‍ക്ക് സീറ്റ് പോലും നിഷേധിക്കുന്ന നീക്കങ്ങള്‍ എങ്ങനെയാണ് ഗുണനിലവാരം കൊണ്ടുവരിക? ഗവേഷണ രംഗത്ത്, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പൊതുസമ്മിതി നേടിയ വിദ്യാര്‍ഥി-അധ്യാപക അനുപാതം പോലും ഉറപ്പുനല്‍കാന്‍ യു ജി സി സര്‍ക്കുലറിന് കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമേ, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കേല്‍ക്കുന്ന അഭിമാനക്ഷതം, മോഹഭംഗം, വിവേചനം തുടങ്ങിയ സാമൂഹികക്ഷതങ്ങള്‍ എത്രയോ വലുതാണ്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇത്തരം സാമൂഹികമാനങ്ങള്‍ക്ക് ഒട്ടും വിലയില്ലാത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്കേല്‍ക്കുന്ന ഇത്തരം പരുക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇന്‍ഫീരിയര്‍-സുപ്പീരിയര്‍ മനോഭാവം വളര്‍ന്നുവരും എന്നതാണ് പുതിയ നിര്‍ദേശങ്ങളിലെ ഏറ്റവും അപകടകരമായ പരിണതി.

അപ്പോള്‍ സുപ്രധാനമായ ചോദ്യം ഇതാണ്: ആരാണ് ഗവേഷണങ്ങളെ ഭയപ്പെടുന്നത്? ഗവേഷണ വിദ്യാര്‍ഥികള്‍ ഭീഷണിയാകുന്നത് ആര്‍ക്കാണ്? നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം, രാജ്യത്ത് നടന്ന ഫാസിസ്റ്റ് അധിനിവേശ നീക്കങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ഒരളവോളം ചോദ്യം ചെയ്തത് ദേശീയ ക്യാംപസിലെ വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥികള്‍ നയിച്ച പല സമരങ്ങളും ക്യാംപസുകള്‍ക്ക് പുറത്ത് ജനങ്ങള്‍ ഏറ്റെടുക്കുക പോലുമുണ്ടായി. രാജ്യത്ത് ജനാധിപത്യബോധം ഇനിയും മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്ന ഇടപെടലുകളായിരുന്നു അത്തരം ക്യാംപസ് മുന്നേറ്റങ്ങള്‍. സംഘ്പരിവാര്‍ തേരോട്ടങ്ങള്‍ കണ്ട് രാജ്യം പലപ്പോഴും നിസ്സഹായതയോടെ നോക്കിനിന്നപ്പോഴും ശക്തമായ പ്രതികരണങ്ങളാണ് ക്യാംപസുകളില്‍ നിന്നുയര്‍ന്നത്. ചില ജെ എന്‍ യു സമരങ്ങള്‍ ദേശസുരക്ഷക്ക് ഭീഷണിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടു പോലും മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ദളിത്-പിന്നാക്ക സമരങ്ങളിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിരുന്നു. ഈ ജനാധിപത്യമുന്നേറ്റമാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും ഭയക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഗവേഷണങ്ങള്‍ ഭീഷണിയാകുന്നതും അരാഷ്ട്രീയ ക്യാംപസുകളുടെ നിര്‍മാണത്തിന് നിരവധി ഉത്തരവുകള്‍ ക്യാംപസുകളിലേക്ക് കടന്നുവരുന്നതും.
വിദ്യാര്‍ഥി സമരങ്ങളിലൂടെയുള്ള ശക്തമായ ഇടപെടലിലൂടെ മാത്രമേ ഇത്തരം ഭീഷണികളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് താങ്ങും തണലുമായി ഇത്രയും കാലം തലയുയര്‍ത്തി നിന്നിരുന്ന പൊതുകലാലയങ്ങള്‍ മൃതിയടയാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത് ഒരു ജെ എന്‍ യുവിന്റെയോ അലിഗഢിന്റെയോ മാത്രം പ്രശ്‌നമല്ല. ഗവേഷണകോഴ്‌സുകള്‍ നടത്തുന്ന കേരളത്തിലെയും യൂണിവേഴ്‌സിറ്റികളില്‍ ഇന്നും നാളെയുമായി എത്താവുന്ന തീരുമാനങ്ങളാണ്. വിദ്യാര്‍ഥികള്‍ ഉണര്‍ന്നേ പറ്റൂ.

 

 

Latest