യു കെ-ഖത്വര്‍ വ്യാപാരക്കരാറുകള്‍ക്കായി സംയുക്ത സമിതി രൂപവത്കരിക്കും

Posted on: March 29, 2017 7:10 pm | Last updated: March 29, 2017 at 7:13 pm
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ വിവിധ കരാറുകളില്‍ ഒപ്പുവെക്കുന്നു

ദോഹ: യൂറോപ്യന്‍ യൂനിയനില്‍ നിന്നും പിന്‍മാറുന്ന നടപടികള്‍ (ബ്രക്‌സിറ്റ്) പൂര്‍ത്തിയായാല്‍ ഖത്വറുമായുള്ള വ്യാപാര ഉടമ്പടികള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന് ജോയിന്റ് കമ്മിറ്റിയെ നിശ്ചയിക്കാന്‍ ബ്രിട്ടന്‍ തീരുമാനം. ബിര്‍മിംഗാമില്‍ തുടരുന്ന യു കെ-ഖത്വര്‍ ബിസിനസ് ഫോറത്തിലാണ് സംയുക്ത സമിതിയെ നിയോഗിക്കുന്ന പ്രഖ്യാപനമുണ്ടായത്. ബ്രക്‌സിറ്റിനു ശേഷം വ്യാപാര കരാറുകളുടെ ഭാവി സംബന്ധിച്ചുള്ള ആശങ്ക നീക്കുന്നതാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം.

ഖത്വറുമായി ആഴത്തിലുള്ള ബന്ധമാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നത്. പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, സാമ്പത്തിക സേവനം എന്നീ മേഖലകളിലാണ് സഹകരണം ശക്തിപ്പെടുത്തുന്നതെന്ന് തെരേസ പറഞ്ഞു. സംയുക്ത സമിതി രൂപവത്കരിക്കാന്‍ ഇപ്പോള്‍ തീരുമാനിക്കുകയാണ്. ബിസിനസ് ഫോറത്തില്‍ പങ്കെടുത്ത് ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രുയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അവരുടെ പ്രഖ്യാപനം.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്മാറിയാലും ഗള്‍ഫ് നാടുകളുമായുള്ള വ്യാപാര ബന്ധം തുടരാനാണ് ബ്രിട്ടന്‍ താത്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ അതിനു തടസമില്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളുമായെല്ലാം പുതിയ വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനില്‍ 500 കോടി പൗണ്ട് നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പ്രഖ്യാപിച്ചിരുന്നു.