ആത്മഹത്യ ക്രിമിനല്‍ കുറ്റമല്ല

Posted on: March 29, 2017 8:25 am | Last updated: March 29, 2017 at 12:25 am

ന്യൂഡല്‍ഹി: ആത്മഹത്യ ക്രിമിനല്‍ കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതടക്കം നിരവധി നിര്‍ണായക വ്യവസ്ഥകളുള്ള മാനസികാരോഗ്യ ബില്‍ (ദി മെന്റല്‍ ഹെല്‍ത്ത്‌കെയര്‍ ബില്‍) ലോക്‌സഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ആത്മഹത്യാ ശ്രമം നടത്തുന്നത് കടുത്ത മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുമ്പോഴാണ്. ആത്മഹത്യാ ശ്രമം നടത്തുന്നവര്‍ക്ക് മാനസികാരോഗ്യമുണ്ടെന്ന് കണക്കാക്കാനാകില്ല. അതുകൊണ്ട് ഇവരെ നിയമപരമായി ശിക്ഷിക്കാനുമാകില്ല. ആത്മഹത്യാ പ്രവണതയുള്ളവരെ ശിക്ഷിക്കുന്നതിന് പകരം അവര്‍ക്ക് ശാസ്ത്രീയമായ ചികിത്സയും സഹായവും പുനരധിവാസവും ഒരുക്കുകയാണ് വേണ്ടതെന്നും ബില്ലില്‍ പറയുന്നു.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുകയെന്നത് അവകാശമാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ 134 ഭേദഗതികളോടെ രാജ്യസഭ ഈ ബില്‍ പാസ്സാക്കിയിരുന്നു.
ഇതാദ്യമായാണ് മാനസികരോഗ ചികിത്സ അവകാശമാക്കുന്ന നിയമം പാസ്സാക്കപ്പെടുന്നത്. രോഗികളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെടുത്തി മാനസിക രോഗങ്ങളെ കാണുന്നുവെന്നത് വിപ്ലവകരമായ ചുവടുവെപ്പാണെന്ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗമായ മാനസികരോഗ വിദഗ്ധ ഡോ. സൗമിത്ര പതാരേ പറഞ്ഞു. മാനസിക രോഗ പരിചരണം നിഷേധിക്കുന്നത് നിയമം മൂലം തടയുകയെന്നതാണ് ബില്ലിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഭാവിയില്‍ തനിക്ക് മാനസിക പ്രശ്‌നം ഉണ്ടായാല്‍ എങ്ങനെ ചികിത്സിക്കണമെന്ന് മുന്‍കൂട്ടി നിഷ്‌കര്‍ഷിക്കാമെന്നതാണ് ബില്ലിന്റെ ഏറ്റവും വലിയ സവിശേഷത. ഇക്കാര്യത്തില്‍ നോമിനിയെ നിയോഗിക്കാം. ഇയാളോട് നല്‍കിയ നിര്‍ദേശങ്ങള്‍ ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ വഴി സാക്ഷ്യപ്പെടുത്തണം. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളോ ഭവനരഹിതനായ ആളോ ആണെങ്കില്‍ ചികിത്സ പൂര്‍ണമായി സൗജന്യമായിരിക്കും. 1987ലെ മാനസികാരോഗ്യ നിയമം മാനസിക രോഗത്തെ നിര്‍വചിച്ചത് അവ്യക്തമായാണ്. പുതിയ നിയമം ഈ കുറവ് നികത്തുന്നുണ്ട്.