എ.കെ. ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ തിരികെ കൊണ്ടുവരണമെന്ന് ശരത്പവാര്‍

Posted on: March 28, 2017 10:40 pm | Last updated: March 28, 2017 at 10:31 pm

ന്യൂഡല്‍ഹി: അശ്ലീല ഫോണ്‍ സംഭാഷണ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍ അന്വേഷണം അനുകൂലമായാല്‍ തിരികെ എത്തുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത്് പവാര്‍. ശശീന്ദ്രനു പകരം എന്‍സിപിയ്ക്ക് പുതിയ മന്ത്രി ഉടന്‍ ഉണ്ടാവില്ല. പകരം മന്ത്രിവേണമോയെന്ന് തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശശീന്ദ്രന്‍ നിരപരാധിയെങ്കില്‍ തിരികെ കൊണ്ടുവരണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണം. ശശീന്ദ്രന് എതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെ വിഷയങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.

ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎല്‍എയ്ക്ക് നല്‍കണമെന്ന് സംസ്ഥാന എന്‍സിപി നേതൃയോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായിരുന്നു. എ.കെ.ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും എംഎല്‍എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഇടപെടല്‍.