യു എ ഇയില്‍ മഴ തുടരുന്നു; റോഡിലെ വെള്ളക്കെട്ട് നീക്കി ഗതാഗതം സുഗമമാക്കാന്‍ തീവ്രയത്‌നം

Posted on: March 28, 2017 10:58 pm | Last updated: March 28, 2017 at 10:21 pm

ദുബൈ: യു എ ഇയില്‍ മഴ തുടരുന്നു. ഇന്നലെയും ഇടവിട്ട് മഴ പെയ്തു. നാല് ദിവസം മഴ പെയ്തതിനെ തുടര്‍ന്ന് കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യാന്‍ നഗരസഭാധികൃതര്‍ തീവ്രയത്‌നത്തിലാണ്. പലയിടത്തും ഗതാഗതം സുഗമമല്ല.
ഇതിനിടെ, ഈന്തപ്പഴ കൃഷിയെ മഴ ബാധിച്ചു. ഈന്തപ്പനകളില്‍ മാലിന്യം കെട്ടിനില്‍ക്കുന്നത്, കായ്ഫലം കുറക്കുമെന്നാണ് ഭീതി. ഈന്തപ്പനകള്‍ പൂക്കുന്ന കാലമാണിത്. ഈന്തപ്പനകളുടെ മുകള്‍ഭാഗം ശുചിയാക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
റോഡുകളിലെ വെള്ളവും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് വരുന്നതായും പലയിടത്തും ഗതാഗതയോഗ്യമാക്കിയതായും നഗരസഭാ പരിസ്ഥിതി, പൊതുസേവന വിഭാഗം അസി. ഡയറക്ടര്‍ താലിബ് ജുല്‍ഫാര്‍ പറഞ്ഞു.
തൊഴിലാളികള്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പെടെ മൂവായിരം പേരുടെ ശ്രമഫലമായാണ് മഴവെള്ളവും മറ്റും നീക്കം ചെയ്യാനായത്. നഗരസഭയുടെ അന്‍പതു ടാങ്കറുകള്‍, കരാറുകാരുടെ അറുപതിലേറെ ടാങ്കറുകള്‍ തുടങ്ങിയവ ആര്‍ടിഎയുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു. മഴവെള്ളം ഒഴുകിപ്പോകാനുള്ള കുഴലുകളുമായി ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍നിന്നു വന്‍തോതില്‍ വെള്ളം ടാങ്കറുകള്‍ നീക്കം ചെയ്തു. ഇതിനിടെ മഴവെള്ളം പോകാനുള്ള സംവിധാനമാണെന്നു കരുതി ചിലര്‍ മാലിന്യ പൈപ്പ് ശൃംഖലകളുടെ മൂടികള്‍ തുറന്നത് മഴവെള്ളം നീക്കം ചെയ്യാനുള്ള നഗരസഭാ നടപടികള്‍ക്കു തടസമുണ്ടാക്കിയെങ്കിലും പ്രശ്‌നം വേഗം തരണം ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു. മഴക്കാലത്തു കെട്ടിടനിര്‍മാതാക്കള്‍ക്കു സൗജന്യമായി ശുദ്ധീകരിച്ച വെള്ളം നല്‍കുമെന്നും താലിഫ് ജുല്‍ഫാര്‍ അറിയിച്ചു.
മഴവെള്ളം ലഭിക്കുന്നതോടെ, കെട്ടിട നിര്‍മാതാക്കള്‍ മുനിസിപ്പാലിറ്റി നല്‍കുന്ന വെള്ളം സ്വീകരിക്കാതിരിക്കുന്ന അവസ്ഥയാണ്.
ഇതോടെ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെ വെള്ളം ഉപയോഗിക്കാതെ പോവുന്നു. ഇത് കടലില്‍ ഒഴുക്കുകയാണു പതിവ്. ഈ അവസ്ഥ ഒഴിവാക്കാനാണു നടപടിയെന്നും അദ്ദേഹം പറഞ്ഞു.