പോലീസ് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മരുഭൂമിയില്‍ ഉദ്യാനം

Posted on: March 28, 2017 10:06 pm | Last updated: March 28, 2017 at 10:06 pm

ഷാര്‍ജ: ഷാര്‍ജ പോലീസ് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക ഡെസേര്‍ട് പാര്‍കൊരുക്കി അധികൃതര്‍. നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെ മലീഹ റോഡില്‍ അല്‍ ബതാഹ് ഏരിയയിലെ അല്‍ കഹീഫ് ഭാഗത്ത് 800 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ഉദ്യാനം.

ജീവനക്കാരില്‍ ക്രിയാത്മകമായ സ്വാധീനം ഉളവാക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിലൊരു ഉദ്യാനം. കുടുംബങ്ങളില്‍ സന്തോഷകരമായ അന്തരീക്ഷം ഉളവാക്കി ജീവനക്കാരെ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്.
ജീവനക്കാരുടെയും കുടുംബങ്ങളുടെയും കൂടുതല്‍ സന്തോഷ ജീവിതം ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ച ഉദ്യാനം കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വിവിധ വിനോദ മേഖലകള്‍, കുട്ടികളുടെ കളി സ്ഥലങ്ങള്‍, ചെറിയ മൃഗശാല, കുട്ടികള്‍ക്ക് ആടുകള്‍, ചെമ്മരിയാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയെ ഭക്ഷണമൂട്ടുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകള്‍ കഫേകള്‍ റസ്റ്റോറന്റുകള്‍ കൂടുതല്‍ പിക്‌നിക് ഭാഗങ്ങള്‍ എന്നിവ ഉദ്യാനത്തിലെത്തുന്നവരെ ആഹ്ലാദ ഭരിതമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേര്‍തിരിച്ച നിസ്‌കാര സൗകര്യം, പ്രത്യേകം രൂപപ്പെടുത്തിയ മജ്‌ലിസ് എന്നിവ ഉദ്യാനത്തിന്റെ ഭാഗമായുണ്ട്.

ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സൈഫ് സിരി അല്‍ ശംസി, പനിഷേറ്റിവ് എസ്റ്റാബ്ലിഷ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ മര്‍റി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്യാന ഉദ്ഘാടന വേളയില്‍ സംബന്ധിച്ചു. ഉദ്യാനത്തിന്റെ നിര്‍മാണത്തിനും പൂര്‍ത്തീകരണത്തിനും നേതൃത്വം വഹിച്ചവരെയും പ്രവര്‍ത്തിച്ചവരെയും ബ്രിഗേഡിയര്‍ ശംസി പ്രശംസിച്ചു.