Connect with us

Gulf

അര്‍ബുദ രോഗികള്‍ക്ക് ചാരിറ്റി ഫണ്ട്‌

Published

|

Last Updated

ദോഹ: അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്കായി ചാരിറ്റി ഫണ്ട് രൂപവത്കരിക്കാന്‍ ഖത്വര്‍ ക്യാന്‍സര്‍ സൊസൈറ്റി (ക്യു സി എസ്) പദ്ധതി തയ്യാറാക്കുന്നു. ക്യു സി എസ് ചെയര്‍മാന്‍ ഡോ.ഖാലിദ് ബിന്‍ ജാബിര്‍ അല്‍ താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സന്നദ്ധ ഫണ്ട് രൂപവത്കരിക്കുന്നതിലൂടെ ഭാവിയില്‍ ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കായി സംഭാവനകളെ ആശ്രയിക്കുന്നത് കുറക്കാന്‍ സഹായകമാകുമെന്ന് ജാബിര്‍ അല്‍ താനി പറഞ്ഞു.

2016 ല്‍ നാനൂറിലധികം രോഗികളുടെ ചികിത്സക്കായി 35 ലക്ഷം റിയാലാണ് ക്യു സി എസ് ചെലവാക്കിയത്. അര്‍ബുദത്തെക്കുറിച്ച് പരമവാധി ബോധവത്കരണം നടത്താനാണ് ക്യു സി എസ് പദ്ധതിയിടുന്നത്. ഉരീദു അര്‍ബുദ ബോധവത്കരണ കേന്ദ്രവുമായി സഹകരിച്ച് നിരവധി പദ്ധതികള്‍ നടപ്പാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദം ചികിത്സിക്കുന്നതിനുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കുന്നതിനായി സ്വകാര്യ മേഖല മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ആശുപത്രികള്‍ രാജ്യത്ത് അനിവാര്യമാണ്. ദോഹയുടെ ചുറ്റുപാടുമായി നാല് അര്‍ബുദ ബോധവത്കരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. ആദ്യ ഘട്ടത്തില്‍ രണ്ട് കേന്ദ്രങ്ങളാണ് തുടങ്ങുക. രാജ്യത്ത് അര്‍ബുദ രോഗത്തിന്റെ നിലവിലെ സൂചനകള്‍ അളക്കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇതിനായി സമഗ്ര കര്‍മ പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദത്തെ നേരിടുന്നതിന് രാജ്യത്ത് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്. ഖത്വരി സമൂഹത്തിലെ അര്‍ബുദ രോഗ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗം തടുയന്നതിന് രാജ്യം നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം എന്നതാണ് മനസ്സിലാകുന്നത്. വികസിത രാജ്യങ്ങളില്‍ അര്‍ബുദ രോഗനിരക്ക് കുറഞ്ഞുവരുമ്പോള്‍ ഖത്വര്‍ സമൂഹത്തില്‍ ഇതിന് വിപരീരതമാണെന്നും ജാബിര്‍ അല്‍ താനി പറഞ്ഞു.

 

Latest