ഖത്വറില്‍ സ്വകാര്യ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ മൂന്നു മാസത്തിനകം ആരംഭിക്കും

Posted on: March 28, 2017 7:45 pm | Last updated: March 28, 2017 at 7:14 pm

ദോഹ: ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള സ്വകാര്യ കേന്ദ്രങ്ങള്‍ മൂന്നു മാസത്തിനകം തുറക്കും. ഇപ്പോള്‍ എംബസിയില്‍ നേരിട്ടും ഐ സി സി വഴിയുമായി നടക്കുന്ന സേവനങ്ങള്‍ സ്വകാര്യ കമ്പനിക്ക് പുറകംകരാര്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കുറഞ്ഞ സര്‍വീസ് നിരക്കില്‍ സേവനത്തിനു സന്നദ്ധമായ സ്വകാര്യ കമ്പനിയുമായി രണ്ടു ദിവസത്തിനകം കരാര്‍ ഒപ്പിടുമെന്നും മൂന്നു മാസത്തിനകം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും അംബാസഡര്‍ പി കുമരന്‍ പറഞ്ഞു. അല്‍ ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് സ്വകാര്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം നടക്കും. ഏഴു റിയാലില്‍ താഴെയായിരിക്കും സര്‍വീസ് നിരക്കെന്നാണ് സൂചന. നിലവില്‍ പത്തു റിയാലാണ് ഐ സി സിയില്‍ ഈടാക്കുന്ന സേവന നിരക്ക്. സര്‍വീസ് നിരക്കിനു പുറമേയുള്ള എല്ലാ നിരക്കുകളും എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കും.
18 വയസിനു മുകളിലുള്ളവരുടെ പാസ്‌പോര്‍ട് പുതുക്കല്‍, വിദ്യാഭ്യാസം ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഐ സി സിയില്‍ ചെയ്തു കൊടുക്കുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കലിനും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും എംബസിയെ നേരിട്ടു സമീപിക്കണം. എന്നാല്‍ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ 18 വയസില്‍ താഴെയുള്ളവരുടെ പാസ്‌പോര്‍ട്ട് പുതുക്കലും വിദേശികള്‍ക്ക് ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കുന്നതിനുള്ള സേവനങ്ങളും അവിടെ നിന്നും ലഭിക്കും. പവര്‍ ഓഫ് അറ്റോര്‍ണി ഉള്‍പ്പെടെ എംബസി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകേണ്ടി വരുന്ന സേവനങ്ങള്‍ക്ക് എംബസിയില്‍ നേരിട്ടു പോകേണ്ടി വരും.

ഇന്ത്യന്‍ എംബസികളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് സ്വകാര്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഖത്വര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ 68 രാജ്യങ്ങളില്‍ ഇതിനകം ഒട്ട് സോഴ്‌സിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വെസ്റ്റ് ബേയിലെ എംബസിയില്‍ എത്തുന്നതിലെ പ്രയാസം ഒഴിവാക്കി ഖത്വറിന്റെ മൂന്നു ഭാഗങ്ങളിലായുള്ള കേന്ദ്രങ്ങളിലെത്താനുള്ള സൗകര്യവുമാണ് ഏര്‍പ്പെടുത്തുന്നത്. സ്വകാര്യ കമ്പനി നല്‍കുന്ന എസ് എം എസ്, കൊറിയര്‍ പോലുള്ള അധിക സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ അടയ്ക്കണം. സേവന കേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനും ഫോട്ടോ കോപ്പിയെടുക്കുന്നതിനും ഫോറങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും.