ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം കോടതി

Posted on: March 28, 2017 2:57 am | Last updated: March 27, 2017 at 11:58 pm

ന്യൂഡല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി. ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായുള്ള ഏഴംഗ ബഞ്ചാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ ക്ഷേമ പദ്ധതികള്‍ നിഷേധിക്കാനാകില്ലെന്നും എന്നാല്‍, വ്യക്തികള്‍ക്ക് ആധാര്‍ സ്വന്തം ഇഷ്ടപ്രകാരം തെളിവിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയതാണെന്ന് ബഞ്ച് പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വഴി കെ പുട്ടസ്വാമില സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ആദായ നികുതിയടക്കമുള്ള വിഷയങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവകാശം സര്‍ക്കാറിനുണ്ടെന്നും കോടതി പറഞ്ഞു. ആധാറുമായി ബന്ധപ്പെട്ട കേസ് വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം, വികലാംഗ ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ജനജീവിതത്തെ മോശമായി ബാധിച്ചതാണ് സുപ്രീം കോടതി ഉത്തരവിനെ സ്വാധീനിച്ചത്. നിലവില്‍ പാചക വാതക സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു. എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. സിം കാര്‍ഡിനും ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.