ആശുപത്രിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Posted on: March 27, 2017 11:55 pm | Last updated: March 27, 2017 at 11:25 pm

രാജ്ഗഢ്: മധ്യപ്രദേശില്‍ ആശുപത്രിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഈ മാസം 19ന് കാണാതായ ബിസ്മില്ല (80) യുടെ മൃതദേഹമാണ് ജില്ലാ ആശുപത്രി പരിസരത്തു നിന്ന് ശുചീകരണ ജീവനക്കാര്‍ കണ്ടെത്തിയത്.
വാര്‍ഡിന് സമീപത്ത് നിന്ന് ദുര്‍ഗന്ധം ഉയരുന്നത് രോഗികള്‍ ശ്രദ്ധയില്‍പ്പെടുത്തിയത് പരിശോധിക്കവെയാണ് നായ്ക്കള്‍ കടിച്ചുകീറിയ നിലയിലുള്ള മനുഷ്യശരീരം കണ്ടെത്തിയത്. പിന്നീടുള്ള പരിശോധനകളിലാണ് ഇത് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് കാണാതായ ബിസ്മില്ലയുടെതാണെന്ന് തിരിച്ചറിഞ്ഞതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് എസ് ഗുപ്ത പറഞ്ഞു. സ്ത്രീയുടെ മൃതദേഹത്തിന്റെ കീഴ്ഭാഗം പൂര്‍ണമായും നായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു. വാര്‍ഡിന് പുറത്തിറങ്ങിയ ഇവരെ നായ്ക്കള്‍ ആക്രമിച്ചതാകാം. എന്നാലും ഇതേക്കുറിച്ച് വിശദമായ
അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഗുണ ജില്ലയിലെ മധുസൂദന്‍ഗഢ് സ്വദേശിനിയാണ് ദാരുണമായി കൊല്ലപ്പെട്ട ബിസ്മില്ല. ക്ഷീണിതയായി റോഡരികില്‍ കണ്ടെത്തിയ ഇവരെ പോലീസുകാരാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 19 മുതല്‍ ഇവരെ കാണാതാകുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.