അനധികൃത സൗന്ദര്യ വര്‍ധക ചികിത്സ; ഇന്ത്യക്കാരി അറസ്റ്റില്‍

Posted on: March 27, 2017 11:35 pm | Last updated: March 27, 2017 at 10:22 pm

ദുബൈ: മാരകമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിപണനം നടത്തിയതിന് ഏഷ്യന്‍ യുവതിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഷാര്‍ജ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഷാര്‍ജയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന യുവതിയോട് കോസ്മറ്റിക് ചികിത്സ ആവശ്യമുണ്ടെന്ന വ്യാജേനെ അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു.

ചികിത്സ നടത്തിവന്നിരുന്ന സ്ത്രീയെ കുറിച്ച വ്യാപകമായ പരാതികള്‍ ലഭിച്ചിരുന്നു. പ്രധാനമായും വിനോദ സഞ്ചാരികളെയാണ് സ്ത്രീ ലക്ഷ്യമിട്ടിരുന്നതെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഹെല്‍ത് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിരി പറഞ്ഞു.
സ്ത്രീയുടെ ഭര്‍ത്താവിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് ചികിത്സക്കെത്തുന്നവര്‍ പണം കൈമാറ്റം ചെയ്യുന്നതായി വിശദമായ അന്വേഷണത്തില്‍ അധികൃതര്‍ കണ്ടെത്തി. അനധികൃതമായി നടത്തുന്ന ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈ തുക ചെലവഴിക്കുന്നുണ്ടെന്നും കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്തി.

സ്ത്രീയെ കുടുക്കുന്നതിന് ഒരു അറബ് വനിതയെ ചികിത്സക്കുള്ള ആവശ്യക്കാരിയായി തയ്യാറാക്കി സ്ത്രീയുമായി ബന്ധം സ്ഥാപിച്ചെടുക്കുകയായിരുന്നു. അറബ് വനിത സ്ത്രീയുടെ അടുക്കല്‍ ചികിത്സ തേടിയെത്തിയ സമയം സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വളരെ വില കുറഞ്ഞ ചികിത്സാ പരസ്യങ്ങള്‍ കണ്ട് പൊതുജനങ്ങള്‍ വഞ്ചിതരാകരുത്. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സൗന്ദര്യ വര്‍ധക ചികിത്സകരെ ചികിത്സക്കായി ഭവനങ്ങളില്‍ എത്തിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.