ഫെഡറല്‍ ഗതാഗത നിയമം ജൂലൈ ഒന്നു മുതല്‍

Posted on: March 27, 2017 11:25 pm | Last updated: March 27, 2017 at 10:20 pm

ദുബൈ: ഫെഡറല്‍ ഗതാഗത നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. വാഹനാപകട മരണനിരക്ക് ലക്ഷത്തില്‍ മൂന്നായി ചുരുക്കുകയാണ് പ്രധാന ലക്ഷ്യം.

പുതിയ നിയമം സംബന്ധിച്ചു വ്യാപക ബോധവത്കരണം നടത്തും. ചില സന്ദര്‍ഭങ്ങളില്‍ 3,000 ദിര്‍ഹം പിഴയും 90 ദിവസം വാഹനം കണ്ടുകെട്ടലുമാകും ശിക്ഷ. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഓടിച്ചാല്‍ 24 ബ്ലാക്ക് പോയിന്റ് ലഭിക്കും. ചില നിയമ ലംഘനങ്ങള്‍ക്കുള്ള പിഴസംഖ്യ വര്‍ധിക്കും. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിറകു വശത്തിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണം. മുന്‍വശത്തെ സീറ്റിന് കുറഞ്ഞത് 145 സെന്റ്റി മീറ്റര്‍ നീളം വേണം. 10 വയസിന് താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ പാടില്ല. അമിതവേഗം വലിയ കുറ്റമാണ്. സാമൂഹിക സേവനം ഉള്‍പെടെ തടവ് ശിക്ഷ ലഭിക്കും.

വാഹനമോടിക്കുമ്പോള്‍ തലയിലെ തട്ടം (ഖതറ) നേരെയാക്കുന്നത് കണ്ടാല്‍ പിഴയെഴുതും. വളയം പിടിച്ചുകൊണ്ടു മുഖം മിനുക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴ ലഭിക്കും. ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക്മാര്‍ക്കായിരിക്കും പതിക്കുക. വാഹനമോടിക്കുന്നതിനിടെ ശീഷ വലിക്കുക, ഭക്ഷണം കഴിക്കുക, മൊബൈലില്‍ സംസാരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും സമാന ശിക്ഷയാണ് ലഭിക്കുക. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തെറ്റിക്കുന്ന ഏതുതരം പെരുമാറ്റങ്ങള്‍ക്കും പിഴ 800 ദിര്‍ഹമാണെന്നും മേജര്‍ ജനറല്‍ സഫീന്‍ പറഞ്ഞു.