Connect with us

Articles

യോഗിയുടെ നാട്ടിലെ മാംസവും മത്സ്യവും

Published

|

Last Updated

കുറേ മുമ്പ് പ്രദര്‍ശനത്തിനെത്തിയ ഒരു സിനിമയില്‍ രസകരമായ ഒരു കഥയുണ്ടായിരുന്നു. കടലിനക്കരെയുള്ള നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് മൊട്ടത്തലയുള്ള ഒരു പ്രതിമ ലഭിക്കുന്നു. അയാളത് വീട്ടിലെ അലമാരയില്‍ ഭദ്രമായി സൂക്ഷിക്കുന്നു. എന്നാല്‍ സമ്പന്നനായി കഴിഞ്ഞിരുന്ന അയാള്‍ക്ക് പൊടുന്നനെ വലിയ നഷ്ടങ്ങള്‍ സംഭവിച്ചു തുടങ്ങി. സകല ബിസിനസ്സുകളും തകര്‍ന്നടിയുന്നു. അപകടങ്ങളുണ്ടാകുന്നു. കാരണമന്വേഷിച്ച് തല പുകയ്ക്കുന്നതിനിടയിലാണ് വീട്ടില്‍ സൂക്ഷിച്ച കൂടോത്രക്കാരനായ പ്രതിമയുടെ “കളി”യാണിതെന്ന് തിരിച്ചറിയപ്പെടുന്നത്. ഈ പ്രതിമ മറ്റൊരാള്‍ സന്തോഷത്തോടെ ഏറ്റെടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് ഒരു ജ്യോതിഷി അയാളെ ധരിപ്പിക്കുന്നു. അയാള്‍ പ്രതിമയുമായി തന്റെ തളര്‍ച്ച കണ്ട് ആനന്ദിച്ച മറ്റൊരാള്‍ക്കടുത്തെത്തുന്നു. പ്രതിമ സന്തോഷത്തോടെ ഏറ്റുവാങ്ങിയ സ്വീകര്‍ത്താവിന്റെ കഷ്ടകാലം തുടങ്ങുന്നു. അപ്പോള്‍ നായക കഥാപാത്രം സരസമായി ഇങ്ങനെ പറഞ്ഞു വെക്കുന്നു. “മാന്‍ഡ്രേക്ക്”പണി തുടങ്ങി. മാന്‍ഡ്രേക്ക് എത്തിയതു മുതല്‍ കഷ്ടകാലം തുടങ്ങിയവരുടെ കഥ പറഞ്ഞത് ഉത്തര്‍ പ്രദേശത്തിലെ പുതിയ മുഖ്യമന്ത്രിയുടെ വരവിനെക്കുറിച്ചോ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അഥവാ ആരെങ്കിലും അങ്ങനെ വിചാരിച്ചാല്‍ ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് എഴുതിക്കാണിക്കേണ്ടിവരും.
ഇനി കാര്യത്തിലേക്കു കടക്കാം. മീനും ഇറച്ചിയും ചിലപ്പോള്‍ പാലും മുട്ടയും നിരോധിച്ചേക്കാനിടയുള്ള സാക്ഷാല്‍ യോഗി ആതിഥ്യനാഥിന്റെ നാട്ടിലെ നടന്ന, നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങളിലേക്കാണ് ഇനി കണ്ണു പായിക്കേണ്ടത്. മാംസ നിരോധനത്തിനായി “മഹാനായ യോഗി” ഇന്ത്യയുടെ ഹൃദയ ഭൂമികയില്‍ തുടക്കമിടുമ്പോള്‍ അത് അധികം വൈകാതെ കേള്‍ക്കാന്‍ സാധ്യതയുള്ള സമ്പൂര്‍ണ മാംസമുക്ത രാജ്യത്തിന്റെ പ്രഖ്യാപനത്തിനുള്ള ഒരു സൂചകമാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ഇന്ത്യയില്‍ ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീര്‍ണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്താണ് മത്സ്യ, മാംസ കേന്ദ്രങ്ങള്‍ ചുട്ടുകരിച്ച് പച്ചക്കറി സംസ്‌കാരത്തിന് വിത്തു പാകാന്‍ ഇരുപത്തിരണ്ടാം വയസ്സില്‍ സന്യാസ ദീക്ഷ സ്വീകരിച്ച ആദിത്യനാഥിന്റെ ശ്രമം. ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് എല്ലാവരും യോഗിവര്യന്മാരാകണമെന്ന സാക്ഷാല്‍ സംഘ്പരിവാരദര്‍ശനം നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഇതിനകം വിമര്‍ശമുയര്‍ന്നെങ്കിലും അതിലൊന്നും ചഞ്ചലപ്പെടുന്നതല്ല സന്യാസിയുടെ മനസ്സെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഒറ്റ രാത്രി കൊണ്ടാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരില്‍ മുന്നൂറോളം അറവുശാലകള്‍ പൂട്ടിച്ചത്. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവെന്ന പേരിലാണത്രേ പാരമ്പര്യമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് താഴിട്ടത്. ബീഫിനു പുറമെ ആടും കോഴിയും മീനും വിലക്കിയതോടെ സമ്പൂര്‍ണ പച്ചക്കറി സംസ്ഥാനത്തിനുള്ള പച്ചക്കൊടിയാണ് സന്യാസിവര്യന്‍ ഉയര്‍ത്തിയതെന്ന് നാട്ടുകാര്‍ക്ക് പകല്‍ പോലെ വ്യക്തമാകുകയും ചെയ്തു. യന്ത്രവത്കൃത അറവുശാലകളടക്കം പൂട്ടാനുള്ള നിര്‍ദേശം പുറത്തിറങ്ങിയതോടെ മാംസവ്യാപാരികള്‍ നിയമനടപടികള്‍ക്കുള്ള ആലോചനയും തുടങ്ങിയത്രേ. സമരം ഇതിനകം തുടങ്ങിയിട്ടുണ്ട്. സിംഹങ്ങള്‍ ഉള്‍പ്‌#െടെയുള്ള കാണ്‍പൂര്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്കുള്ള മാംസഭക്ഷണത്തിനും സന്യാസിവര്യന്റെ പരിവാരം വിലക്കേര്‍പ്പെടുത്തി. ഒരു ദിവസം മൃഗശാലയിലേക്ക് വേണ്ടത് 150 കിലോ കാളയിറച്ചിയാണ്. ഇത് നല്‍കാന്‍ കരാര്‍ എടുത്തയാള്‍ മൂന്നു ദിവസം മുമ്പുവരെ മാംസം വിതരണം ചെയ്തിരുന്നു. അറവുശാലകള്‍ അടച്ചു പൂട്ടിയതോടെ അതു നിലച്ചു. തത്കാല ആശ്വാസത്തിന് മൃഗങ്ങള്‍ക്ക് കോഴിയിറച്ചി നല്‍കിയെങ്കിലും അവ അത് കഴിക്കാറില്ലെന്നാണത്രേ മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തായാലും സംഗതി കലക്കുന്നുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കു കൂടി യോഗിയുടെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകുന്നുണ്ട്.
ഉത്തര്‍ പ്രദേശിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിക്കുന്ന ഏതൊരാള്‍ക്കും കാലങ്ങളായി തുടര്‍ന്നു വരുന്ന ഇവിടുത്തെ ജീവിത രീതിയെക്കുറിച്ചും ആഹാരക്രമത്തെക്കുറിച്ചുമെല്ലാം എളുപ്പം മനസ്സിലാക്കാനാകും. എത്രയോ നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചുപോന്ന ലക്ഷക്കണക്കിന് ജനവിഭാഗങ്ങളുടെ ജീവിതക്രമത്തിനാണ് ഇപ്പോള്‍ പുതിയ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അച്ചടക്കം സൃഷ്ടിക്കാനൊരുങ്ങുന്നത്. കാലങ്ങളായി സംഘ്പരിവാര്‍ സംഘടനകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഏകശിലാരാഷ്ട്രസ്ഥാപനത്തിനുള്ള ശ്രമങ്ങളിലൊന്നായി വേണമിതിനെ കരുതാനെന്ന് യോഗിയെപ്പറ്റിയറിയുന്നവര്‍ക്ക് വ്യക്തമായി ബോധ്യപ്പെടും.
കുരു, പാഞ്ചാലം, ശൂരസേനം, വത്സം, കോസലം, മല്ലം, കാശി, ചേതി, അംഗം, മഗധ തുടങ്ങി മേധാവിത്വത്തിനുവേണ്ടി മത്സരിച്ചിരുന്ന നിരവധി രാജ്യങ്ങള്‍ രൂപംകൊണ്ടിരുന്ന പ്രദേശമായ ഇന്നത്തെ ഉത്തര്‍ പ്രദേശ് ചന്ദ്രഗുപ്തന്‍, ബിന്ദുസാരന്‍, അശോകന്‍ എന്നീ ഭരണകര്‍ത്താക്കളുടെ ഭരണം മുതല്‍ വര്‍ത്തമാന കാലം വരെ നിരവധി സംസ്‌കാരങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമിടയാക്കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 1206ല്‍ ഗോറിയുടെ ലഫ്റ്റനന്റായിരുന്ന കുത്ബുദ്ദീന്‍ ഐബക്കിന്റെ ഭരണത്തെത്തുടര്‍ന്ന് സ്ഥാപിതമായ മുസ്‌ലിം രാജവംശങ്ങളുടെ ഭരണവും ഖില്‍ജി, തുഗ്ലക് വംശങ്ങളുടെ അധികാരവും പിന്നീട് ദീര്‍ഘ കാലമുള്ള ബ്രിട്ടീഷ് ഭരണവുമെല്ലാം ഉത്തര്‍പ്രദേശിന് കനപ്പെട്ട സംസ്‌കാരത്തിന്റെ അടിത്തറയാണ് പാകിയിരുന്നത്. 1950 ജനുവരി 12ന് ഉത്തര്‍ പ്രദേശ് എന്ന ആധുനിക നാമം ലഭ്യമാകുകയും 1950 ജനുവരി 26ല്‍ നിലവില്‍ഉത്തര്‍ പ്രദേശിന് ഇന്ത്യന്‍ യൂനിയനിലെ സംസ്ഥാന പദവി ലഭിക്കുകയും പിന്നീട് ഏറെക്കാലം ഈ നാട് ഇതു പോലെ ജീവിക്കുകയും ചെയ്തപ്പോഴൊന്നും ഇവിടുത്തെ ജീവിത ക്രമത്തിനോ സംസ്‌കാരത്തിനോ മാറ്റം വരുത്തുവാന്‍ ആരും പ്രത്യേക പരിശ്രമം നടത്തിയിരുന്നില്ലെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. തൊഴിലും ജീവിതവും ആഹാരവും വസ്ത്രവും കാലാനുഗതമായി പരിഷ്‌കരിക്കപ്പെടുന്നുവെന്നതല്ലാതെ ഒരു ദിവസം കൊണ്ട് എന്തെങ്കിലുമൊരു ഇടപെടല്‍ ആരും നടത്തിയതായി അറിവില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയിലെ ആറിലൊന്ന് വിഭാഗം അധിവസിക്കുന്ന ഇവിടെ എണ്‍പത്തിനാല് ശതമാനം ഹിന്ദുക്കളും പതിനഞ്ച് ശതാനം മുസ്‌ലിംകളുമാണുള്ളത്. ക്രൈസ്തവര്‍, സിഖുകാര്‍, ബൗദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍ എന്നിങ്ങനെയുള്ള മതന്യൂനപക്ഷങ്ങള്‍ വേറെയും. ഭൂരിഭാഗം പേരും കാര്‍ഷിക വൃത്തി തൊഴിലായി സ്വീകരിച്ചവര്‍. ഇവിടുത്തെ ജനങ്ങളില്‍ ഏറിയ കൂറും താഴെക്കിടയിലുള്ള ജനവിഭാഗങ്ങളാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്ക് പ്രകാരം 32 ശതമാനം പേര്‍ മാത്രമാണ് ഇവിടെ ധനാഗമനപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍. രാജ്യത്ത് ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഇവിടെ ഇരുപത് ശതമാനത്തോളം മാത്രമാണ് സാക്ഷരതയുള്ളതെന്നു കൂടി അറിയുമ്പോഴാണ് എത്രത്തോളം ദരിദ്രരും സാധാരണക്കാരുമുള്ള നാടാണിതെന്ന് വ്യക്തമാകുക.
മാംസ കയറ്റുമതിയില്‍ പ്രതിവര്‍ഷം 11000 കോടി രൂപയുടെ വരുമാനമുള്ള നാടുകൂടിയാണ് ഉത്തര്‍പ്രദേശെന്ന് സര്‍ക്കാര്‍ തന്നെ കണക്കാക്കുമ്പോള്‍ ഇവിടുത്തെ സാധാരണക്കാരും പാവപ്പെട്ടവരുമുള്‍പ്പടെയുള്ളവര്‍ ഏതു മേഖലയെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടി വരില്ല. ഇന്ത്യയിലെ വളര്‍ത്തു മൃഗങ്ങളില്‍ പതിനാലു ശതമാനം ഉത്തര്‍ പ്രദേശിലാണുള്ളത്. 261 ലക്ഷം കന്നുകാലികളെയാണ് ഉത്തര്‍പ്രദേശില്‍ ഈ സാധാരണക്കാര്‍ വളര്‍ത്തുന്നത്. ഇതിനൊപ്പം 74 ലക്ഷത്തിലേറെ പോത്തുകളെയും 115 ലക്ഷം ആടുകളെയും അരലക്ഷത്തോളം ഒട്ടകങ്ങളെയും അസംഖ്യം പന്നികളെയും കോഴികളെയുമെല്ലാം പോറ്റിവളര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പേരു കേട്ട ഹരിയാന, സാഹിവാല്‍, സിന്ധി, താര്‍പാര്‍കര്‍, ഗംഗാതരി തുടങ്ങിയ മെച്ചപ്പെട്ടയിനം കാലിവര്‍ഗങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. മുറാ വര്‍ഗത്തില്‍പ്പെട്ട പോത്തുകള്‍ ഉത്തര്‍ പ്രദേശിന്റെ മാത്രം പ്രത്യേകതയാണ്. ആടുമാടുകളെ പോറ്റി വളര്‍ത്തിയും പാലും മാംസവും തുകലും മറ്റും വിറ്റഴിച്ചുമെല്ലാം ജീവിതം കഴിച്ചു കൂട്ടുന്ന സാധാരണക്കാരായ ഇത്തരം മനുഷ്യര്‍ക്കിടയിലേക്കാണ് മാംസ ബഹിഷ്‌കരണമെന്ന മുദ്രാവാക്യവുമായി പുതിയ മുഖ്യമന്ത്രിയെത്തുന്നത്. സമുദ്രസാമീപ്യമില്ലാത്ത സംസ്ഥാനമാണെങ്കിലും ഉത്തര്‍ പ്രദേശിലെ ജലാശയങ്ങളിലും നദീവ്യൂഹങ്ങളിലുമായി സമൃദ്ധമായ മത്സ്യശേഖരങ്ങളുണ്ട്. 180ലേറെ ഇനം ശുദ്ധജല മത്സ്യങ്ങള്‍ ഉത്തര്‍ പ്രദേശിലുണ്ടെന്നാണ് കണക്ക്. ഇവിടെ നിന്ന് പ്രതിവര്‍ഷം ഉദ്ദേശം ആറ് കോടി രൂപ വിലമതിക്കാവുന്ന 24,250 ടണ്‍ മത്സ്യം പിടിക്കപ്പെടുന്നുവെന്ന് പറയുമ്പോള്‍ മത്സ്യനിരോധനം കൊണ്ട് എന്തുദ്ദേശ്യമാണ് യോഗിക്കും സംഘത്തിനുമുള്ളതെന്ന് പകല്‍ പോലെ വ്യക്തമാകുകയാണ്. മൃഗചര്‍മം സംസ്‌കരിച്ചാണ് തുകല്‍ ഉത്പാദിപ്പിക്കുന്നതെന്ന് അറിയാത്തവരല്ല സംഘ്പരിവാരുകാരും മന്ത്രിമാരും. മൃഗങ്ങളെ കൊല്ലാതെ തുകലുണ്ടാക്കാനാകില്ലെന്നും അവര്‍ക്കറിയാം. കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി, കുതിര, ഒട്ടകം, തുടങ്ങിയ മൃഗങ്ങളുടെ ചര്‍മമാണ് ഉത്തര്‍ പ്രദേശില്‍ തുകലിന് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ആടിന്റെ തോലുകൊണ്ട് തയാറാക്കുന്ന ഉത്തര്‍ പ്രദേശിലെ തോല്‍പാത്രം (ജലസംഭരണി) ഏറെ പ്രസിദ്ധവുമാണ്. ഇതൊക്കെയറിഞ്ഞിട്ടും, മാംസ നിരോധനം ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്കു കൂപ്പുകുത്തിക്കുമെന്ന് മനസ്സിലായിട്ടും, രാജ്യത്തിനും സംസ്ഥാനത്തിനും വലിയ സാമ്പത്തിക നഷ്ടവുമുണ്ടാകുമെന്ന് വ്യക്തമായിട്ടും, യോഗിയും കൂട്ടരും സകല മാംസ കച്ചവടക്കടകളും ചുട്ടെരിക്കുന്നതെന്തിനാണെന്ന് ഭൂരിപക്ഷം നല്‍കിയ ഉത്തര്‍ പ്രദേശിലെ ജനം വൈകാതെ അനുഭവങ്ങളില്‍ നിന്ന് പഠിച്ചെടുത്തേക്കും. ആഹാരം കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താനാണ്. അതുകൊണ്ട് എന്ത്, എങ്ങനെ കഴിക്കണമെന്ന് നിശ്ചയിക്കേണ്ടത് വ്യക്തിയും അതുള്‍ക്കൊള്ളുന്ന അയാളുടെ ശരീരവുമാണ്. സ്വന്തം ബുദ്ധിയും വിവേകവുമനുസരിച്ച് അവനവന്റേതായ ഒരു ചിട്ട ഭക്ഷണകാര്യത്തില്‍ ഓരോ സമൂഹവും ശീലിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഘടന വ്യത്യസ്തമാണ്. അതുപോലെതന്നെ അതിന്റെ ആവശ്യങ്ങളും വെവ്വേറെയായിരിക്കും. ശരീരത്തിനാവശ്യമായ പോഷക മൂല്യങ്ങള്‍ ഏറെക്കുറെ ലഭിക്കാവുന്ന ഒരു ഭക്ഷണരീതിയാണ് ഓരോ ജനതയും സമൂഹവും സ്വീകരിച്ചിട്ടുളളത്.
അവരവരുടെ അധ്വാനത്തിനും കാലാവസ്ഥയ്ക്കും പ്രകൃതിക്കുമെല്ലാം യോജിച്ച രീതിയില്‍ തന്നെയാണ് ഭക്ഷണ ക്രമം വികസിച്ചു വന്നിട്ടുണ്ടാകുക. ഒരു സുപ്രഭാതത്തില്‍ ഇന്നതു മാത്രമേ ആഹരിക്കാവൂഎന്ന തീട്ടൂരം പുറപ്പെടുവിക്കുന്നവര്‍ ഇത് അറിയാത്തവരല്ല. ഇന്ത്യയില്‍ ഒരു ദിവസം ഏകദേശം 2,000 ത്തോളം കുട്ടികള്‍ ഭക്ഷണ ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട് മരണമടയുന്നുണ്ട്. ലോകത്തിലെ മൂന്നിലൊന്ന് പട്ടിണി പാവങ്ങള്‍ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിലെ 71 ശതമാനം ആളുകളും മാംസാഹാരികളാണ്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ഇക്കൂട്ടര്‍ പലതും കാട്ടിക്കൂട്ടുന്നത്. അതിനു കാരണം പ്രത്യേകം ചികയേണ്ടതുമില്ല. ആരൊക്കെയോ നേരത്തെ സങ്കല്‍പ്പിച്ച ഒരു ലോകമാണ് അവര്‍ക്ക് സൃഷ്ടിക്കേണ്ടത്. അതിനായി അവര്‍ ഇങ്ങനെ ചരിത്രത്തെ മറന്ന് എപ്പോഴും പുറം തിരിഞ്ഞ് നിന്ന് ആക്രോശിച്ചു കൊണ്ടേയിരിക്കും.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest