എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; 30ന് വീണ്ടും പരീക്ഷ

Posted on: March 25, 2017 5:19 pm | Last updated: March 26, 2017 at 9:30 pm

തിരുവനന്തപുരം: ചോദ്യപേപ്പര്‍ കോപ്പി അടിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എസ്എസ്എല്‍സി കണക്ക് പരിക്ഷ റദ്ദാക്കി. ഇൗ മാസം 30ന് ഉച്ചക്ക് ഒന്നരക്ക് വീണ്ടും പരീക്ഷ നടത്തും. 30ന് നടത്താൻ നിശ്ചയിച്ച പരീക്ഷ 31ലേക്കും മാറ്റി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ് വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഡിപിഐയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

കുട്ടികളുടെ ഭാഗത്ത് നിന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ അധ്യാപകന് എതിരെയും നടപടി ഉണ്ടാകും. ചോദ്യം ചോര്‍ന്നത് അന്വേഷിക്കാന്‍ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കണക്ക് പരീക്ഷക്ക് മലപ്പുറത്തെ ഒരു എജന്‍സി തയ്യാറാക്കിയ മാതൃകാ ചോദ്യപ്പേപ്പര്‍ പകര്‍ത്തിയതാണ് വിവാദത്തിന് കാരണമായത്. എസ്എസ്എല്‍സി പരീക്ഷക്ക് ഉപയോഗിച്ച ചോദ്യപേപ്പറിന് ഈ എജന്‍സി തയ്യാറാക്കിയ ചോദ്യപേപ്പറുമായി എറെ സാമ്യമുണ്ടെന്ന് പരിക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനമായത്.

കണക്ക് പരീക്ഷ കുട്ടികളെ വലച്ചതോടെയാണ് പലരും ചോദ്യപേപ്പര്‍ പരിശോധനക്ക് വിധേയമാക്കിയത്.ഇതി 13 ചോദ്യങ്ങള്‍ സ്വകാര്യ എജന്‍സിയുടെ മാതൃകാ ചോദ്യപേപ്പറില്‍ നിന്ന് ഉള്ളവയാണെന്ന് കണ്ടെത്തുന്നത് ഇതോടെയാണ്.