Connect with us

National

ശിവസേനയെ ഒഴിവാക്കി മഹാരാഷ്ട്ര ഒറ്റക്ക് ഭരിക്കാന്‍ ബി ജെ പി പദ്ധതികള്‍ ആലോചിക്കുന്നു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര ഒറ്റക്കു ഭരിക്കാന്‍ ബി ജെ പി ശ്രമങ്ങള്‍ തുടങ്ങി. 288 മണ്ഡലങ്ങളുള്ള സംസ്ഥാനം ഭരിക്കാന്‍ 145 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ ബി ജെ പിക്ക് 123 അംഗങ്ങളാണുള്ളത്. സ്വതന്ത്രരും ചെറുപാര്‍ട്ടി എം എല്‍ എമാരുമായി 11 പേരുടെ പിന്തുണയുമുണ്ട്. പ്രതിപക്ഷ കക്ഷികളെക്കാള്‍ ശിവസേനയുടെ വിമര്‍ശനങ്ങള്‍ ശക്തികൂടുന്ന സാഹചര്യത്തിലാണ് ശിവസേനയെ ഒഴിവാക്കി ബി ജെ പിയുടെ നീക്കം. ഇടക്കാല തിരഞ്ഞെടുപ്പ് അടക്കമുള്ള വഴികളാണ് ബി ജെ പി ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

രണ്ട് ആശയങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. കര്‍ഷക കടം എഴുതിത്തള്ളിയ ഉടന്‍ സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുക എന്നതായിരുന്നു ഒരു നിര്‍ദേശം. അങ്ങനെ വന്നാല്‍ 180 സീറ്റുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കര്‍ഷക കടം ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വഴിയാലോചിക്കുന്നത്. ശിവസേനയും പ്രതിപക്ഷത്തിനൊപ്പമാണ്.
ബി ജെ പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച 29 പ്രതിപക്ഷ എം എല്‍ എമാരെ ഉടന്‍ ചാക്കിട്ടുപിടിക്കുക എന്നതാണ് രണ്ടാമത്തെ വഴി. 15 കോണ്‍ഗ്രസ്, 14 എന്‍ സി പി എം എല്‍ എമാരാണ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. അതേസമയം, മന്ത്രിമാരുടെ ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റാവു സാഹെബ് ധാന്‍വെയും ഓര്‍ഗനൈസിംഗ് സെക്രട്ടറി രവീന്ദ്ര ഭുസാരിയും ഉണ്ടായില്ല എന്നതും കോര്‍ കമ്മിറ്റി അംഗങ്ങളല്ലാത്ത മന്ത്രിമാരായ ഗിരീഷ് ബാപത്, ഗിരീഷ് മഹാജന്‍ എന്നിവര്‍ യോഗത്തിന്റെ ഭാഗമായതും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സംസാരമായിട്ടുണ്ട്.

 

---- facebook comment plugin here -----

Latest