കോഹ്‌ലിക്ക് പരുക്കാണെങ്കിലും കളിക്കണം: ഗവാസ്‌കര്‍

Posted on: March 25, 2017 11:41 am | Last updated: March 24, 2017 at 11:43 pm

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിക്ക് ഫിറ്റ്‌നെസ് കുറവാണെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. 70 ശതമാനം ഫിറ്റ്‌നസാണെങ്കില്‍ പോലും കോഹ്‌ലി ടീമില്‍ വേണം. അയാള്‍ ടീമിലുണ്ടാകുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസത്തിനും ഊര്‍ജത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിരാടിനോടും ഗവാസ്‌കറിന് പറയാനുള്ളത് കളിക്കണമെന്നാണ്. താങ്കള്‍ നൂറ് ശതമാനം ഫിറ്റ്‌നെസ് ആഗ്രഹിക്കുന്നത് ടീമിലെ മറ്റ് താരങ്ങള്‍ക്ക് മാതൃകയാകാനായിരിക്കും. അതില്‍ തെറ്റില്ല. എന്നാല്‍ ഫിറ്റ്‌നെസിന്റെ അളവ് കോലല്ല, താങ്കളേയാണ് ടീമിന് വേണ്ടത് – ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു. ഒരു മുന്‍ അനുഭവവും ഗവാസ്‌കര്‍ ഇവിടെ പങ്കുവെക്കുന്നു.
1981 ല്‍ മെല്‍ബണില്‍ ആസ്‌ത്രേലിയക്കെതിരെ നാലാം ദിനം കളി പുരോഗമിക്കുന്നു. മൂന്ന് വിക്കറ്റിന് നാല്‍പത് റണ്‍സെടുത്ത ഓസീസിന് ജയിക്കാന്‍ വേണ്ടത് നൂറ് റണ്‍സ് കൂടി. പ്രധാന ബൗളറായ കപില്‍ദേവിന് പരുക്ക്. അവസാന ഒരു മണിക്കൂര്‍ പന്തെറിയാന്‍ ഗവാസ്‌കര്‍ കപിലിനോട് ആവശ്യപ്പെട്ടു. വേദനസംഹാരി ഉപയോഗിച്ച് കപില്‍ പന്തെറിഞ്ഞു. ആ മണിക്കൂറില്‍ കപില്‍ പിഴുതത് അഞ്ച് വിക്കറ്റ്, ബാക്കിയെല്ലാം ചരിത്രം – ഗവാസ്‌കര്‍ ഉജ്വല വിജയത്തിന്റെ ചരിത്രം വിരാടിനെ പ്രചോദിപ്പിക്കാന്‍ പറയുന്നു. എനിക്കറിയാമായിരുന്നു കപിലിന് ഫിറ്റ്‌നെസില്ലെന്ന്. പക്ഷേ അയാളുടെ പ്രതിഭയില്‍ എനിക്ക് സംശയമില്ലായിരുന്നു. വിരാടിന്റെ സ്ഥിതിയും മറിച്ചല്ല – ഗവാസ്‌കര്‍ പറയുന്നു.
ഇന്നലെ സഹതാരങ്ങള്‍ക്കൊപ്പം മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനത്തിന് നില്‍ക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ നായകന് പരിക്കേറ്റത്.