നവാസ് ശരീഫിന്റെ ഹോളി ആഘോഷം ഇന്ത്യയെ പ്രീണിപ്പിക്കാനെന്ന്

Posted on: March 25, 2017 7:24 am | Last updated: March 24, 2017 at 11:26 pm

ലാഹോര്‍: ഇന്ത്യന്‍ സര്‍ക്കാറിനെ പ്രീണിപ്പിക്കാനാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഹിന്ദുക്കളുടെ ഉത്സവമായ ഹോളി ആഘോഷിച്ചതെന്ന് ജമാഅത്തു ദഅ്‌വ ആക്ടിംഗ് ചീഫ് ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മക്കി. പ്രധാനമന്ത്രിയും ഭരണത്തിലിരിക്കുന്നവരും ഹോളി ആഘോഷിച്ചത് ഇന്ത്യന്‍ സര്‍ക്കാറിനെ സന്തോഷിപ്പിക്കാനാണ്.

മുസ്‌ലിങ്ങളും ഹിന്ദുക്കളും രണ്ട് വ്യത്യസ്ത ജനതയാണെന്ന് ഭരണത്തിലിരിക്കുന്നവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം. അവരുടെ സംസ്‌കാരവും വ്യത്യസ്തമാണ്. അവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ലെന്നും മക്കി പറഞ്ഞു. ലാഹോറിലെ ഒരു സമ്മേളനത്തിനിടെയാണ് മുംബൈ ആക്രമണത്തിലെ സൂത്രധാരനായ ഹാഫിസ് സഈദിന്റെ ഭാര്യാസഹോദരനായ മക്കി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുമായി സൗഹൃദത്തിലാകുന്നതിന് ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ പാക്കിസ്ഥാന്റെ ആശയസംഹിതകള്‍ ദുര്‍ബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കറാച്ചിയില്‍വെച്ചാണ് ഹിന്ദു സമൂഹത്തിനൊപ്പം ശരീഫ് ഹോളി ആഘോഷിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതും ഇസ്‌ലാമില്‍ കുറ്റമാണെന്ന മുന്നറിയിപ്പും ന്യൂനപക്ഷങ്ങള്‍ക്കുള്ള സന്ദേശത്തില്‍ ശരീഫ് നല്‍കിയിരുന്നു. ശരീഫ് ഹോളി ആഘോഷിച്ചതിനെ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അല്ലാമ അഷറഫ് ജലാലിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.