Connect with us

Kasargod

റിയാസ് മൗലവിയുടെ ഘാതകരെ രണ്ടു ദിവസത്തിനകം കുടുക്കിയത് ആഭ്യന്തര വകുപ്പിന്റെയും അന്വേഷണ സംഘത്തിന്റെയും മികവ്

Published

|

Last Updated

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ പിടികൂടിയ അന്വേഷണസംഘം

കാസര്‍കോട്: മദ്‌റസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ ഘാതകരെ രണ്ടു ദിവസത്തിനകം പിടികൂടാന്‍ കഴിഞ്ഞതിന് കാരണം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അവസരോചിതമായ ഇടപെടലും അന്വേഷണസംഘത്തിന്റെ മികവും.

റിയാസ് മൗലവിയുടെ കൊലപാതകം വലിയ അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്ന റിപ്പോര്‍ട്ടുകളെ ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തിലാണ് കണ്ടത്. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം വൈകുന്നേരത്തോടെ തന്നെ കൊലക്കേസിന്റെ അന്വേഷണം ഐജിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ.എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു.
മലപ്പുറം ഡിസിആര്‍ ബി. ഡി വൈ എസ് പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ. പി കെ സുധാകരന്‍, ക്രൈംബ്രാഞ്ച് കാസര്‍കോട് സി ഐ അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ പൊലീസ് ചീഫ് കെ ജി സൈമണിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ് തോമസ്, എ എസ് ഐമാരായ സി കെ ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, നാരായണന്‍ നായര്‍, അബൂബക്കര്‍ കല്ലായി, ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഓസ്റ്റിന്‍ തമ്പി, സൈബര്‍ സെല്ലിലെ ശ്രീജിത്ത്, ശിവകുമാര്‍ എന്നിവരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.

സ്‌ക്വാഡ് അംഗങ്ങള്‍ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അന്വേഷണം ആരംഭിക്കുകയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഷട്ടില്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘട്ടനത്തിനിടെ പരുക്കേറ്റ യുവാക്കളുടെ വീട്ടില്‍ അന്വേഷണ സംഘം എത്തി. ഈ സമയം യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്‍കിയ മൊഴിയും സംശയത്തിന് ഇടയാക്കി. ഇതോടെ സംഘം പോലീസിന്റെ നിരീക്ഷണത്തിലായി. വീടുവിട്ടവര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മടിക്കേരി, കുടക് ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടയിലാണ് പ്രതികള്‍ കേളുഗുഡ്ഡെയില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് കരുതലോടെ നടത്തിയ നീക്കത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം ഇന്നലെ രാവിലെ താഴെ കേളുഗുഡ്ഡയിലെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിനിടയില്‍ കൊലയാളികള്‍ സഞ്ചരിച്ച ബൈക്കും കണ്ടെത്തി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊലയാളികളെ പിടികൂടാന്‍ കഴിഞ്ഞ പോലീസിന്റെ മിടുക്ക് പരക്കെ പ്രശംസിക്കപ്പെട്ടു. കാസര്‍കോട്ടെ കുഡ്‌ലു സര്‍വീസ് സഹകരണബേങ്ക് കൊള്ളയും കൊലപാതകകേസുകളുമടക്കം ശാസ്ത്രീയരീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ വൈദഗ്ധ്യം കാണിച്ച ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസിനെ ആഭ്യന്തരവകുപ്പ് റിയാസ് മൗലവി വധക്കേസ് ഏല്‍പ്പിച്ചത വിശ്വാസപൂര്‍വമാണ്.

 

Latest