കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

Posted on: March 24, 2017 2:07 pm | Last updated: March 24, 2017 at 5:11 pm

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ഉടന്‍ അവസാനിക്കുമെന്നും അതിനുമുന്‍പ് കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പറയുന്നു.

മാര്‍ച്ച് 31ന് ആണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) യുടെ കാലാവധി അവസാനിക്കുന്നത്. നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം ഇതിനുമുന്‍പായി വെളിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക സ്‌കീം പ്രഖ്യാപിച്ചിരുന്നു. ഇപ്രകാരം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇനിയും വെളിപ്പെടുത്താതെ കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് ആദായ നികുതിവകുപ്പിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പരസ്യത്തില്‍ പറയുന്നു. അത്തരക്കാരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും കൈമാറിയിട്ടുണ്ട്. ബിനാമി ഇടപാടുകള്‍ക്കെതിരായ നിയമപ്രകാരം ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

2016 ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി. ഈ പദ്ധതിയനുസരിച്ച് 50 ശതമാനം തുക സര്‍ക്കാരിന് നല്‍കിയാല്‍ കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാം. നിക്ഷേപത്തുകയില്‍ 25 ശതമാനം നാലു വര്‍ഷത്തേക്ക് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ നിധിയിലേക്ക് പോകും. ഇതിന് പലിശ കിട്ടില്ല. ഈ സമയപരിധി കഴിഞ്ഞ് കണ്ടെത്തുന്ന കള്ളപ്പണത്തിന് 85 ശതമാനം തീരുവ ഈടാക്കുമെന്നും കള്ളപ്പണം കൈവശംവെച്ചവര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.