വിചിത്ര സഖ്യങ്ങളുടെ മുംബൈ: തലങ്ങും വിലങ്ങും കോണ്‍ഗ്രസ്- ബി ജെ പി- ശിവസേന- എന്‍ സി പി- സി പി എം ഭരണ സമിതികള്‍

Posted on: March 24, 2017 8:56 am | Last updated: March 23, 2017 at 11:58 pm

മുംബൈ: മഹാരാഷ്ട്രയില്‍ സി പി എം- കോണ്‍ഗ്രസ്- ശിവസേന സഖ്യത്തോട് ഏറ്റുമുട്ടിയ ബി ജെ പിക്ക് നാസിക് ജില്ലാ പരിഷത്ത് ഭരണം നഷ്ടമായി. വിരുദ്ധ ചേരിയിലുള്ള മൂന്ന് പാര്‍ട്ടികളും കൈകോര്‍ത്തതോടെ ജില്ലാ പരിഷത്ത് പ്രസിഡന്റായി ശിവസേനയിലെ ശീതള്‍ സാംഗ്ലെ തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസിലെ എട്ടും സി പി എമ്മിലെ മൂന്നും അംഗങ്ങളുടെ പിന്തുണയാണ് ശീതള്‍ സാംഗ്ലെക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ നയ്‌ന ഗവിറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശിവസേനക്ക് 25 അംഗങ്ങളാണ് ജില്ലാ പരിഷത്തില്‍ ഉള്ളത്. ഭരണ സമിതിയുണ്ടാക്കാന്‍ 15 അംഗങ്ങളുള്ള ബി ജെ പിയുടെ പിന്തുണ വേണ്ടെന്നുവെച്ച് കോണ്‍ഗ്രസിനെ സമീപിക്കുകായിരുന്നു ശിവസേന. എന്‍ സി പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട ശേഷം ശീതള്‍ സാംഗ്ലെയും നയ്‌ന ഗവിറ്റയും ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെ വാഴ്ത്തി സംസാരിച്ചത് കൗതുകമായി. 1960,1970 കാലത്ത് മുംബൈയിലും സമീപ നഗരങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശിവസേനയും രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കി കൂടിയാണ് ബാല്‍താക്കറെ എന്ന ശിവസേന നേതാവ് വളര്‍ന്നുവന്നത്.
നാസിക്കില്‍ മാത്രമല്ല ഇത്തരം വിചിത്ര സഖ്യങ്ങള്‍ ഉണ്ടായിട്ടുള്ളത്. എന്‍ സി പിയും ശിവസേനയും ജല്‍നയില്‍ കൈകോര്‍ത്തപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും എന്‍ സി പിയും യവാത്മലില്‍ ഭരണപങ്കാളികളായി. അമരാവതിയില്‍ കോണ്‍ഗ്രസ്- എന്‍ സി പി- ശിവസേന സഖ്യം ജില്ലാ പരിഷത്ത് പിടിച്ചപ്പോള്‍, ഔറംഗബാദില്‍ ശിവസേന- കോണ്‍ഗ്രസ് സഖ്യത്തിനാണ് ഭരണം. ബുല്‍ധനയില്‍ എന്‍ സി പിയുടെ പിന്തുണയോടെയാണ് ബി ജെ പി അധികാരത്തിലെത്തിയത്.