Connect with us

Kerala

കോടികളുമായി മുങ്ങിയ സ്വകാര്യ ചിട്ടി കമ്പനിയുടമ അറസ്റ്റില്‍

Published

|

Last Updated

അമ്പലപ്പുഴ: കോടികളുമായി മുങ്ങിയ സ്വകാര്യ ചിട്ടി കമ്പിനിയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം തെക്കേമഠം ഫൈനാന്‍സ് എന്ന പേരില്‍ ചിട്ടി സ്ഥാപനം നടത്തിയിരുന്ന അമ്പലപ്പുഴ ആമേട തെക്കേമഠത്തില്‍ മേഹനപണിക്കര്‍(55) ആണ് അറസ്റ്റിലായത്. പുനലൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐ. എം രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. 3.5 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നാണ് പോലീസിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍.

ഫിക്‌സഡ് ഡിപ്പോസിറ്റിലൂടെ വന്ന പണമാണിത്. എന്നാല്‍ സ്വര്‍ണ പണയം, ചിട്ടി എന്നിവയില്‍ കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളില്‍ വരുമെന്നും അതുകൂടി കണക്കിലെടുത്താല്‍ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം പുറത്തു കൊണ്ട് വരാന്‍ കഴിയുകയുള്ളൂ എന്ന് എസ് ഐ പറഞ്ഞു. ഒരു മാസത്തോളം സ്ഥാപനം അടഞ്ഞ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വീടും സ്ഥലവും വിറ്റ് കടുബത്തോടൊപ്പം മുങ്ങിയതായി വിവരം ലഭിച്ചു.
അടഞ്ഞുകിടന്ന സ്ഥാപനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ ചിട്ടി പണയ രജിസ്റ്റുകളും മറ്റ് രേഖകളും പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഫിക്‌സഡ് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. നോട്ട് നിരോധനത്തോടെ എത്തിയ വന്‍ നിക്ഷേപങ്ങള്‍ പുതിയ നോട്ടാക്കി തിരികെ നല്‍കാന്‍ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ ഉരുപ്പടി നിക്ഷേപത്തിന്റെ രേഖകകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെത്തി.മോഹനപ്പണിക്കരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.