Articles
മലപ്പുറം ഫലം പ്രവചിക്കും മുമ്പ്

മീനച്ചൂടിനോളം കാഠിന്യമുണ്ട് മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചൂടിന്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും ഇന്നലെ പൂര്‍ത്തിയായി. സിറ്റിംഗ് സീറ്റിലേക്ക് മുസ്‌ലിം ലീഗ് തങ്ങള്‍ക്ക് നിര്‍ത്താവുന്നതില്‍ ഏറ്റവും പ്രമുഖനെയാണ് രംഗത്തിറക്കിയത്. പി കെ കുഞ്ഞാലിക്കുട്ടിയിലൂടെ 2014ല്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷമാണ് ലീഗിന്റെ മനസ്സില്‍. എല്‍ ഡി എഫ് കളത്തില്‍ ഇറക്കിയിരിക്കുന്നത് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസലിനെ. യുവരക്തം വഴി യുവവോട്ടര്‍മാരെ സ്വാധീനിക്കാമെന്ന കണക്കാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സി പി എം മുന്നോട്ടുവെക്കുന്നത്. എസ് ശ്രീപ്രകാശ് ബി ജെ പിക്ക് വേണ്ടിയും കളത്തിലുണ്ട്. മുഖ്യധാരയിലുള്ളത് ഈ മൂന്ന് പേരാണ്.
ചരിത്രവിജയം ആവര്‍ത്തിക്കുമെന്നാണ് ലീഗിന്റെ ആത്മവിശ്വാസം. ലീഗിന് മുന്‍തൂക്കം നല്‍കുന്നതാണ് മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുന്‍ തൂക്കത്തിന് കാര്യമായ കോട്ടം വന്നിട്ടില്ല. മങ്കടയും പെരിന്തല്‍മണ്ണയും മാറ്റി നിര്‍ത്തിയാല്‍ മറ്റു നിയമസഭാമണ്ഡലങ്ങള്‍ സ്ഥിരമായി ലീഗിനെ തുണക്കുന്നവ. ഈ കണക്കുകള്‍ മുന്‍നിര്‍ത്തി വിജയം സുനിശ്ചിതമെന്ന് മുസ്‌ലിം ലീഗ് ആവര്‍ത്തിക്കുന്നു.
മഞ്ചേരിയില്‍ മുമ്പ് നടത്തിയ അട്ടിമറിയാണ് സി പി എം അവകാശവാദത്തിന്റെ കാതല്‍. അന്ന് ലീഗിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടിയത്. അങ്ങനെയൊരു ചരിത്രമുണ്ടെന്നിരിക്കെ എന്തിന് ഫലം ഇപ്പോള്‍ തന്നെ പ്രവചിക്കണമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. അപ്പോഴും പഴയ മഞ്ചേരി മലപ്പുറം ആയതോടെ മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മാറിയത് ഈ അവകാശവാദത്തെ പിന്നോട്ടടിപ്പിക്കുന്നു. മുന്‍തൂക്കം പ്രതീക്ഷിക്കാവുന്ന നിയമസഭാ മണ്ഡലങ്ങള്‍ മങ്കടയും പെരിന്തല്‍മണ്ണയും മാത്രമാണെന്നിരിക്കെ ഇങ്ങനെയൊരു കണക്ക് കൂട്ടല്‍ അപ്രസക്തമാണെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ അവകാശവാദം.
പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ആദ്യം പ്രഖ്യാപിച്ച് ലീഗ് ഒരു പടി മുന്നേറിയെങ്കിലും സി പി എം സ്ഥാനാര്‍ഥിയായി എം ബി ഫൈസല്‍ കളത്തിലിറങ്ങിയതോടെ മത്സരത്തിന് ചൂടേറിയിട്ടുണ്ട്. പാര്‍ട്ടി അടിത്തറ ശക്തമായ മണ്ഡലം എന്നതിനൊപ്പം ഇ അഹ്മദിന്റെ നിര്യാണം മൂലമുള്ള സഹതാപ തരംഗവും ലീഗിന് അനുകൂലമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1, 94, 739 വോട്ടായിരുന്നു ഇ അഹമ്മദിന്റെ ഭൂരിപക്ഷം. അന്ന് സി പി എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗമായ പി കെ സൈനബയ്‌ക്കെതിരെയായിരുന്നു അഹ്മദിന്റെ വിജയം. അന്ന് സൈനബക്ക് ലഭിക്കാതെ പോയ വോട്ടുകള്‍ ഫൈസലിനെ തുണക്കുമെന്നാണ് സി പി എമ്മിന്റെ കണക്ക്. അതിന് സമാനമായ വിലയിരുത്തല്‍ ലീഗും നടത്തുന്നു. സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാതലത്തില്‍ ജനവിധി തേടിയാണ് ഇ അഹ്മദ് ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്നിരിക്കെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ലീഗ് നേതൃത്വം ഉറപ്പിച്ച് പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫയര്‍പാര്‍ട്ടിയും എസ് ഡി പി ഐയും ഇത്തവണ മത്സരിക്കുന്നില്ലെന്ന് ഇതോട് ചേര്‍ത്ത് വായിക്കണം.
ലോക്‌സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പായതിനാല്‍ പ്രചാരണത്തില്‍ ചര്‍ച്ചയാകുക പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ മാത്രമാകില്ല. പൊട്ടിപൊളിഞ്ഞ റോഡും വെള്ളമില്ലാത്ത പൊതുടാപ്പും നാടിന്റെ ജീവല്‍പ്രശ്‌നങ്ങളാണെങ്കിലും അതിനും മീതെയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യം കാണാതിരിക്കാനാകില്ല. ജനാധിപത്യത്തിന് മേല്‍ ഫാസിസം വിജയം നേടി കൊണ്ടിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ആരവം അടങ്ങിയിട്ടേയുള്ളൂ. രണ്ടിടത്ത് മൃഗീയ ഭൂരിപക്ഷം നേടിയാണ് ബി ജെ പി അധികാരം നേടിയത്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും. തിരഞ്ഞെടുപ്പ് രംഗത്ത് പരസ്പരം പോരടിച്ചവരെ ചാക്കിട്ടാണ് ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഈ രാഷ്ട്രീയത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഇന്ധനമാകണം മലപ്പുറം ഉപതിരഞ്ഞെടുപ്പ്. ആര്‍ക്ക് ഇതിന് കഴിയുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് കഴിയണം.
സംസ്ഥാന ഭരണവും മലപ്പുറം വിലയിരുത്തും. ഈ ഉപതിരഞ്ഞെടുപ്പിനെ ആ തലത്തില്‍ കൂടിയാണ് കാണുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി കഴിഞ്ഞു. സി പി ഐ സെക്രട്ടറി കാനംരാജേന്ദ്രനും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കോടിയേരി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതിലുമൊരു രാഷ്ട്രീയമുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെല്ലാം മാധ്യമങ്ങള്‍ ഉന്നയിക്കുന്നതാണ് തിരഞ്ഞെടുപ്പ്, ഭരണത്തിന്റെ വിലയിരുത്തലാകുമോയെന്ന ചോദ്യം. മലപ്പുറത്തും ഈ ചോദ്യം ആവര്‍ത്തിച്ചു. കോടിയേരി കൃത്യമായ മറുപടിയും പറഞ്ഞു. ഉത്തരം മറിച്ചായിരുന്നെങ്കില്‍ പരാജയം ഉറപ്പിച്ചതിന്റെ പ്രതിഫലനമായി അത് വ്യാഖ്യാനിക്കപ്പെടും. എന്തായാലും അങ്ങനെയൊരവസരം കോടിയേരി ഇല്ലാതാക്കി.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന അനിശ്ചിതത്വം കുഞ്ഞാലിക്കുട്ടി കളത്തിലിറങ്ങിയതോടെ പൂര്‍ണമായി ഇല്ലാതായത് ലീഗിന് ആശ്വാസം നല്‍കുന്നുണ്ട്. സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയാകുമെന്ന വാര്‍ത്തകള്‍ വന്ന ഘട്ടത്തില്‍ തന്നെ മറ്റുചില പേരുകള്‍ ലീഗ് കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. ബാപ്പയുടെ പിന്‍ഗാമിയാകാന്‍ ഇ അഹമ്മദിന്റെ മകള്‍ ആഗ്രഹിച്ചെന്നത് വാസ്തവമാണ്. അവരെ കേന്ദ്രീകരിച്ച് വാര്‍ത്തകളും വന്നു. ലീഗിലെ തന്നെ മറ്റുചില നേതാക്കളും സ്ഥാനാര്‍ഥിത്വം മോഹിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പേര് ഉറപ്പിച്ചതോടെ എതിര്‍ ശബ്ദങ്ങള്‍ ഉണ്ടായില്ലെന്നത് ലീഗിന് ആശ്വാസം നല്‍കുന്നു. ഇ അഹമ്മദിന്റെ വിയോഗത്തോടെ ദേശീയരാഷ്ട്രീയത്തില്‍ ലീഗിന് സംഭവിച്ച വിടവ് നികത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ നിയോഗം.
എം ബി ഫൈസല്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ പ്രാപ്തനോയെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാണെന്നാണ് ബി ജെ പിയുടെ ആക്ഷേപം. ഒരു “രഹസ്യകൂടിക്കാഴ്ച്ച”യുടെ കഥയുമായി ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇറങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍, പി കെ കുഞ്ഞാലിക്കുട്ടി, വ്യവസായി, രഹസ്യകൂടിക്കാഴ്ച ഇത്രയും ചേരുവകള്‍ ചേര്‍ത്ത് ഒരു ആരോപണം ഉന്നയിച്ചാല്‍ കുറച്ച് ദിവസമെങ്കിലും മൈലേജ് ഉണ്ടാകും. പ്രസ്താവനകളില്‍ വിവാദമുണ്ടാക്കി ജീവിക്കുന്നവര്‍ക്ക് ഇതൊക്കെയാണ് അവസരം. അവര്‍ അത് ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ പ്രാധാന്യം ഇത്തരം ആരോപണങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിലെ പുതുമുഖങ്ങളെ ഇത്തരം ആരോപണങ്ങളില്‍ തളച്ച് മുളയിലെ നുള്ളുന്നത് നീതി കേടാണ്. മുമ്പൊരിക്കല്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനെ ആക്രമിച്ചത് സമാനമായൊരു “വ്യവസായി” ആരോപണം ഉന്നയിച്ചാണ്. അന്ന് വിവാദത്തില്‍പ്പെട്ടിരുന്ന ഫാരിസ് അബൂബക്കറിന്റെ അനന്തരവനാണ് റിയാസ് എന്ന് വരെ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പിലെ തോല്‍വിവായിരുന്നു ഫലം. ഇങ്ങനെയൊരു ആരോപണം ആ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നില്ലായിരുന്നെങ്കില്‍ റിയാസ് ജയിക്കുമായിരുന്നുവെന്ന് പിന്നീട് പല ഘട്ടങ്ങളിലും വിലയിരുത്തി. അതേ റിയാസ് ആണ് ഇന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പദവിയിലെത്തിയെന്നത് മറുവശം.
സി പി എമ്മിനെ സംബന്ധിച്ച് നേതൃദാരിദ്ര്യം നന്നായി അനുഭവപ്പെടുന്ന ജില്ലയാണ് മലപ്പുറം. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ എല്ലാകാലത്തും മലപ്പുറം ജില്ലയെ പരീക്ഷണങ്ങളുടെ വേദിയാക്കാറുണ്ട്. രാഷ്ട്രീയത്തില്‍ പരിചിതനല്ലാത്ത മഞ്ഞളാംകുഴി അലിയിലൂടെയാണ് രണ്ടുതവണ മങ്കട പിടിച്ചത്. പിന്നീട് അലിയെ തന്നെ ലീഗിലേക്ക് കൊണ്ടുവന്നാണ് ലീഗ് ഈ മണ്ഡലം തിരിച്ച് പിടിച്ചത്. 2006ല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ, കെ ടി ജലീല്‍ കുറ്റിപ്പുറത്ത് നേരിട്ടതും അതിലൂടെ മണ്ഡലം പിടിച്ചതും മറ്റൊരുദാഹരണം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ ഡി എഫ് നേടിയതും ഇത്തരം പരീക്ഷണങ്ങളില്‍ കൂടി തന്നെയാണ്. ആദ്യതിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും പുതിയൊരു മുഖം അവതരിപ്പിക്കാന്‍ സ്ഥാനാര്‍ഥിത്വത്തിന് കഴിയും. അത് പിന്നീടുള്ള തിരഞ്ഞെടുപ്പിലാകും ചിലപ്പോള്‍ ഗുണം ചെയ്യുക.