കാസര്‍കോടിനു വേണ്ടത് സ്‌നേഹ സ്പര്‍ശം: ഒരുമ കാസര്‍കോട്

Posted on: March 23, 2017 9:43 pm | Last updated: March 23, 2017 at 9:43 pm

കാസര്‍കോട്: മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്ത് കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒരുമ കാസര്‍കോട് ആവശ്യപ്പെട്ടു.
വിഭിന്ന സംസ്‌ക്കാരങ്ങളുടെ സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന അശാന്തിയുടെ ദുര്‍മേദസ്സുകളെ അകറ്റാന്‍ മാനവികതയെ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തനങ്ങളേറെറടുക്കാന്‍ തയ്യാറാവണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഭിന്ന സംസ്‌ക്കാരങ്ങളെ മാനിക്കുന്ന പോയകാലത്തിന്റെ നല്ല അനുഭവങ്ങളെ തിരിച്ചുപിടിക്കേണ്ടത് വര്‍ത്തമാനകാലത്തെ കടമയാണെന്ന് യോഗം വിലയിരുത്തി.

സൗഹാര്‍ദ്ദത്തിന്റെ പാതയിലേക്ക് തിരിച്ചുവരാന്‍ എല്ലാവരും തയ്യാറാവണം. വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറത്ത് കുറ്റവാളികളെ കണ്ടെത്താനും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുമുള്ള ക്രിയാത്മകമായ ഇടപെടലുകളാണാവശ്യം. ഊഹാപോഹങ്ങളില്‍ നടത്തുന്ന പേക്കൂത്തുകള്‍ സമാധാനത്തെയല്ല കലുഷിതമായ അവസരത്തെയാണ് ക്ഷണിച്ചു വരുത്തുക. സമുഹത്തെ മൂടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വിരുദ്ധ നടപടികളെ ജനാധിപത്യ സംസ്‌ക്കാരത്തിലുന്നുന്ന പ്രതിരോധം കൊണ്ടു മാത്രമെ മറികടക്കാന്‍ കഴിയുവെന്നും അതിനായി വിയോജിപ്പുകളെ മാനിക്കുന്ന രാഷ്ട്രീയ പരിസര നിര്‍മ്മിതിക്കായി രംഗത്തിറങ്ങാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു

യോഗത്തില്‍ അഡ്വ. ടി വി രാജേന്ദ്രന്‍ അധ്യക്ഷം വഹിച്ചു. പ്രൊഫ. ടി ടി ജേക്കബ്, മുഹമ്മദ് സാദിക്, അമ്പുഞ്ഞി തളക്ലായി, ഹമീദ് സീസണ്‍, രാമകൃഷ്ണന്‍ വാണിയമ്പാറ, പി കൃഷ്ണന്‍, ബദറുദ്ദീന്‍ കറന്തക്കാട്, അജയ് പരവനടുക്കം, കെ പി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
ഭാരവാഹികള്‍: അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (ചെയര്‍.) മേരി വാഴയില്‍, മോഹനന്‍ മാങ്ങാട് (വൈ.ചെയര്‍.) അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍ (കണ്‍.) ടി.ശോഭന,ഗീതജോണി (ജോ.കണ്‍.) സുബൈര്‍ പടുപ്പ് (ട്രഷറര്‍) ബുര്‍ഹനുദീന്‍ (മീഡിയ കണ്‍വീനര്‍)