മാനവ വിഭവ വികസന റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ഖത്വര്‍ ഒന്നാമത്

Posted on: March 23, 2017 8:10 pm | Last updated: March 23, 2017 at 8:08 pm

ദോഹ: ഐക്യരാഷ്ട്രസഭയുടെ മാനവ വിഭവ വികസന റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ഖത്വര്‍ ഒന്നാമത്. ആഗോളാടിസ്ഥാനത്തില്‍ 33 ാം സ്ഥാനമാണ് ഖത്വറിന്റെത്. യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മാനവ വികസന രംഗത്തെ സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. സാമൂഹികം, സാമ്പത്തികം, പരിസ്ഥിതി വികസനം തുടങ്ങിയ രംഗങ്ങളിലെ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ആഗോള തലത്തില്‍ ഖത്വറിലെ ഹ്യൂമന്‍ ഡവലപ്‌മെന്റ് വാല്യു 2015ല്‍ 0.855 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 0.856 ആയി ഉയര്‍ന്നു. മനുഷ്യരുടെ ശരാശരി ആയുസ്സ് 78.3 വര്‍ഷമാണ്. സാക്ഷരതാ നിരക്ക് പുരുഷന്‍മാരിലും സ്ത്രീകളിലും 96.7ല്‍ നിന്നും 97.8ലേക്ക് ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്നവരില്‍ ഒരു വര്‍ഷത്തിനിടെ 14 ശശതമാനമാണ് വര്‍ധയുണ്ടായത്. 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴില്‍ പങ്കാളിത്തം 84.16 ശതമാനമാണ്. 15നും 24നുമിടയില്‍ പ്രായമുള്ളവരിലെ തൊഴില്‍ രഹിതര്‍ എണ്ണം 1.1 ശതമാനത്തില്‍നിന്നും 0.8 ശതമാനമായും കുറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗം 92.9 ശതമാനമായി ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷം 91.5 ശതമാനമായിരുന്നു ഇത്. നെതല്‍ലാന്‍ഡ്‌സ് (93.1), ഫിന്‍ലാന്‍ഡ് (92.7), യു കെ (92) എന്നീ രാജ്യങ്ങളുമായാണ് ഖത്വറിന്റെ മത്സരം. ജനന നിരക്ക് 2010നും 15നുമിടയില്‍ 2.1 എന്നതിലേക്കു താഴ്ന്നു. എന്നാല്‍ നോര്‍വേ (1.8), ഹോംഗ്‌കോംഗ് (1.2), സിംഗപ്പൂര്‍ (1.3) എന്നീ രാജ്യങ്ങളേക്കാള്‍ മുകളിലാണ് ഖത്വര്‍. മാനവവിഭവ വികസന രംഗത്ത് മേന്മ പുലര്‍ത്താനായതില്‍ ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡോ. സാലിഹ് ബിന്‍ മുഹമ്മ്ദ അല്‍ നാബിത് സന്തുഷ്ടി രേഖപ്പെടുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ മന്ത്രാലയങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം നേടിയെടുക്കുന്നതിനു ഘടകമായത്. സ്വകാര്യ മേഖലയും മാനേജ്‌മെന്റുകളും സംഭാവനകളര്‍പ്പിച്ചു. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം കൈവരിക്കാന്‍ സാധിക്കുമെന്നും എല്ലാ സ്ഥാപനങ്ങളും മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തണമെന്നും മന്ത്രി പറഞ്ഞു.