പോലീസിന് വീഴ്ച പറ്റിയാല്‍

അടുത്ത കാലത്തായി പുറത്തുവന്നതും സര്‍ക്കാറിനെയും വിശിഷ്യാ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതുമായ സംഭവങ്ങളെ മാധ്യമങ്ങളുടെ അതിഭാവനക്കും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താത്പര്യത്തിനുമപ്പുറം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പോലീസ് സേനയുടെ കാര്യക്ഷമത ഒരു സംസ്ഥാനത്തിന്റെ സുരക്ഷിത്വത്തില്‍ നിര്‍ണായകമാണെന്നിരിക്കെ ഈ സംവിധാനത്തില്‍ വരുന്ന വീഴ്ചകള്‍ ഒരിക്കലും ഭൂഷണമല്ല. മാത്രമല്ല ഇത് ഭരണാധികാരിയുടെ ശേഷിയെ വരെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഉയരാവുന്ന ഗൗരവമുള്ള വിഷയമാണ്.
Posted on: March 23, 2017 6:00 am | Last updated: March 22, 2017 at 11:28 pm

സാക്ഷരരുടെയും അല്‍പ്പ സ്വല്‍പ്പം പ്രതികരണ ശേഷിയുള്ളവരുടെയും നാടായ കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സ്വകാര്യതക്കും അവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് സേനക്ക് നിരന്തരമായി വീഴ്ച പറ്റുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സമീപ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നാണ് തോന്നുന്നത്.

രാഷ്ട്രീയ താത്പര്യത്തോടെയുള്ള പ്രചാരണങ്ങള്‍ക്കപ്പുറം ഈ ചോദ്യത്തിന് വളരെ പെട്ടെന്ന് ഉത്തരം കണ്ടെത്തേണ്ടത് സമൂഹത്തിന്റെ സുരക്ഷക്കും നിര്‍ഭയത്വത്തിനും അത്യാവശ്യമാണ്. അടുത്ത കാലത്തായി പുറത്തുവന്നതും സര്‍ക്കാറിനെയും വിശിഷ്യാ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതുമായ സംഭവങ്ങളെ മാധ്യമങ്ങളുടെ അതിഭാവനക്കും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താത്പര്യത്തിനുമപ്പുറം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പോലീസ് സേനയുടെ കാര്യക്ഷമത ഒരു സംസ്ഥാനത്തിന്റെ സുരക്ഷിതത്വത്തില്‍ നിര്‍ണായകമാണെന്നിരിക്കെ ഈ സംവിധാനത്തില്‍ വരുന്ന വീഴ്ചകള്‍ ഒരിക്കലും ഭൂഷണമല്ല. മാത്രമല്ല ഇത് ഭരണാധികാരിയുടെ ശേഷിയെ വരെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഉയരാവുന്ന ഗൗരവമുള്ള വിഷയമാണ്. സര്‍വ മേഖലകളിലും മാറ്റം കൈവരിച്ച കേരളം ഇതിന് ആനുപാതികമായി പോലീസ് സേനയുടെ കാര്യത്തിലും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ജനമൈത്രി പോലീസ്, പിങ്ക് പോലീസ് തുടങ്ങി ചൂണ്ടിക്കാട്ടാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ടുതാനും. എന്നാല്‍ ജനങ്ങളോടുള്ള പോലീസിന്റെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ഈ പരമമായ യാഥാര്‍ഥ്യത്തെ അതത് കാലത്തെ സര്‍ക്കാറുകള്‍ക്കെതിരെയുള്ള പ്രചാരണായുധമായി മാത്രം ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരാണ് ഈ വ്യവസ്ഥയുടെ പ്രായോജകരെന്ന കാര്യത്തില്‍ സംശയമില്ല.
സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിനപ്പുറം പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പാക്കാനാവില്ല. അതേസമയം, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യമാണ് പോലീസിന്റെയും താത്പര്യമെന്നത് പോലീസിനെ ബോധിപ്പിക്കുന്നതിലും ഇത് പ്രവാര്‍ത്തികമാക്കുന്നതിലും ഭരണ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും പങ്ക് ചെറുതായി കാണാനാകില്ല. ഒരു ജനാധിപത്യ രാജ്യത്ത് തന്റെ കീഴിലുള്ളവരുടെ വീഴ്ച്ചക്ക് പരിഹാരം കാണേണ്ടത് ഭരണാധികാരി തന്നെയാണെന്നതില്‍ സന്ദേഹമില്ല. അപ്പോള്‍ പോലീസിന്റെയും പോലീസ് മന്ത്രിയുടെയും ഉത്തരവാദിത്വവും തുല്യമാണെന്നര്‍ഥം. ഇതുകൊണ്ടാണ് പോലീസിന്റെ വീഴ്ചക്ക് പോലീസ് മന്ത്രി മറുപടി പറയേണ്ടി വരുന്നതും.

നിലവില്‍ ഭരണമാറ്റത്തിന് ശേഷം അടുത്തകാലത്തായുണ്ടായ പോലീസിനെതിരായ ആരോപണങ്ങളും അതിനാധാരമായ വസ്തുതകളും വിശകലനം ചെയ്യുമ്പോള്‍ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ സംഭവങ്ങള്‍ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് ഈ സാഹചര്യത്തില്‍ അനുയോജ്യമാണെന്ന് തോന്നുന്നു. നെഹ്‌റു കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ, യുവനടിക്കെതിരായ അക്രമം, കൊട്ടിയൂരിലെ പുരോഹിതന്റെ പീഡനം, വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ പീഡനവും മരണവും, അഴീക്കലിലെ സദാചാര വാദികളുടെ അക്രമവും തുടര്‍ന്നുള്ള യുവാവിന്റെ ആത്മഹത്യയും, മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര താണ്ഡവം, കൊച്ചിയിലെ മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹമരണം, കുണ്ടറയിലെ പെണ്‍കുട്ടിയുടെ പീഡനവും മരണവും, ലക്ഷങ്ങള്‍ കൈപറ്റി പീഡനക്കേസ് ഒതുക്കിത്തീര്‍ത്ത കൊച്ചി സി ഐ തുടങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ സര്‍ക്കാറിനെയും പോലീസിനെയും നാണം കെടുത്തിയ പോലീസ് വീഴ്ചകളുടെ പട്ടിക ഇങ്ങനെ നീളുന്നു.
സാധാരണയായി പണക്കാര്‍ക്ക് വേണ്ടിയും, സ്വാധീനമുള്ളവര്‍ക്ക് വേണ്ടിയും കേസുകള്‍ അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പോലീസ് ‘സഹായം’ ചെയ്യുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഇപ്പറഞ്ഞ കേസുകളിലൊന്നും ഇങ്ങനെ ഒരു സാഹചര്യം തെളിയിക്കപ്പെട്ടിട്ടുമില്ലെന്നിരിക്കെ ഈ വീഴ്ച പോലീസ് സേനയുടെ അനാസ്ഥയുടെ പാരമ്യതയായി തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതേസമയം ഈ അനാസ്ഥക്കെതിരെ ഭരണാധികാരിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ വൈകുന്നുവെന്ന തോന്നലും നിരാശയുളവാക്കുന്നതാണ്.
ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് തുടക്കം കുറിച്ചത് നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയാണ്. കോളജ് അധികൃതരുടെ മാനസിക പീഡനം മൂലം ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തില്‍ രണ്ട് മാസത്തിനിപ്പുറമാണ് കേസിലെ ഒന്നാം
പ്രതി അറസ്റ്റിലാകുന്നതെന്ന അവസ്ഥ പോലീസ് സേനയുടെ കാര്യക്ഷമതയില്‍ സംശയം തോന്നിച്ചിട്ടുണ്ടെങ്കില്‍ അതിനെ കുറ്റംപറയാനാകില്ലെന്നതാണ് സത്യം.

അതുതന്നെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനും അതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അവസരം ലഭിച്ചുവെന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നതോടൊപ്പം മറ്റുപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിട്ടും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നതും ചെറുതായി കാണാനാകില്ല. പോലീസ് നടപടികളിലും കോടതി ഇടപെടലുകളിലും തിരിച്ചടി മാത്രം ലഭിച്ചപ്പോഴും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ആത്മാര്‍ഥത കാണിക്കണമായിരുന്നു. ഈ കേസില്‍ നിര്‍ണായക തെളിവാകാനിടയുള്ള വിദ്യാര്‍ഥിയുടെതെന്ന് സംശയിക്കുന്ന രക്തസാമ്പിളുകള്‍ കോളജിലെ വിവാദ മുറിയില്‍ നിന്ന് ശേഖരിച്ചത് സംഭവത്തിന് ശേഷം ഒന്നരമാസം കഴിഞ്ഞാണെന്നത് കേസ് അന്വേഷണത്തിലെ പോലീസിന്റെ ഉദാസീനത വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഏറെ വൈകിയെങ്കിലും അവസാനം കേസിലെ ഒന്നാം പ്രതി പിടിയിലായിരിക്കുന്നുവെന്നത് പ്രതീക്ഷ പകരുന്നതാണ്.
പിന്നീട് കൊച്ചി നഗരത്തില്‍ ഒരു യുവ നടി അക്രമിക്കപ്പെട്ട സംഭവത്തിലും പോലീസിന്റെ ഗുരുതരമായ വീഴ്ചക്ക് സര്‍ക്കാറും പോലീസ് മന്ത്രിയും ഏറെ വിലനല്‍കേണ്ടി വന്നിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മുഖ്യപ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അവരെ പിന്തുടരാന്‍ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനക്ക് കഴിഞ്ഞില്ലെന്നത് സംസ്ഥാനത്തെ കുറച്ചൊന്നുമല്ല നാണം കെടുത്തിയത്. തുടര്‍ന്ന് രണ്ട് ദിവസം പ്രതികള്‍ സൈ്വരവിഹാരം നടത്തിയിട്ടും ഇവരെ കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. അത്ര സ്വാധീനമൊന്നുമില്ലാത്ത പ്രതികളെ പിന്തുടരുന്നതില്‍ പോലീസ് പരാജയപ്പെട്ടത് ഒരു സുരക്ഷാ സേനയെന്ന നിലയില്‍ കേരളാ പോലീസിന് തീരാ കളങ്കമാണ്.
തെളിവുകള്‍ ശേഖരിക്കുന്നതിലും പ്രതികളുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിലും പരാജയപ്പെട്ട പോലീസ് മറ്റൊരു നാടകീയ നീക്കത്തിലൂടെ പ്രതികളെ അറസ്റ്റ് ചെയ്ത് ‘മാനം’ വീണ്ടെടുക്കുന്നതാണ് കേരളം പിന്നീട് കണ്ടത്. എന്നാല്‍ പ്രതികളെ രണ്ടാഴ്ചയിലേറെ കൈവശം വെച്ചിട്ടും തൊണ്ടിമുതല്‍ ഉള്‍പ്പെടെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നത് അത്ര ചെറുതായി കാണാനാകില്ല.

തുടര്‍ന്നുവന്ന വാളയാര്‍ പെണ്‍കുട്ടിയുടെ മരണത്തിലും ചെറുതല്ലാത്ത വീഴ്ചയാണ് പോലീസ് വരുത്തിയത്. ഇത് പിന്നീട് മറ്റൊരു കുട്ടിയുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ടെങ്കില്‍ ഇതിനെ വീഴ്ചയെന്ന് ഏറ്റുപറഞ്ഞ് ഒരു സസ്‌പെന്‍ഷനിലും സ്ഥലം മാറ്റത്തിലും ഒതുക്കാവുന്ന തെറ്റാണെന്ന് ഭരണ കൂടം മനസ്സിലാക്കരുത്. ഭരണ കൂടത്തിന്റെ ഇത്തരം നീക്കങ്ങള്‍ കുറ്റവാളികള്‍ക്കും അവര്‍ക്ക് തണലൊരുക്കുന്ന പോലീസ് ക്രിമിനലുകള്‍ക്കും പകര്‍ന്ന് നല്‍കുന്ന സന്ദേശം ഭാവി കേരളത്തിന്റെ ക്രമസമാധാന പാലനത്തില്‍ വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. പിന്നീടങ്ങോട്ട് കൊട്ടിയൂര്‍ പീഡനത്തിലും അഴീക്കല്‍ സദാചാര അക്രമത്തിലും മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര താണ്ഡവത്തിലും മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തിലും കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിലും പോലീസ് സ്വീകരിച്ച നിലപാടുകളും വ്യത്യസ്തമായിരുന്നില്ല. സമൂഹത്തിന്റെ രക്ഷകരെന്ന് വിശ്വസിക്കപ്പെടുന്ന പുരോഹിതരാല്‍ ഒരുപെണ്‍കുട്ടി വഞ്ചിക്കപ്പെട്ട കൊട്ടിയൂര്‍ സംഭവത്തില്‍ ഈ കുറ്റവാളിക്ക് കുടപിടിച്ച മറ്റു വിശുദ്ധരും അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ ജാമ്യം ലഭിക്കാന്‍ മാത്രമുള്ള കുറ്റക്കാര്‍ മാത്രമായത് പെണ്‍കുട്ടി ചെയ്ത തെറ്റാണോയെന്ന് ജനം രോഷത്തോടെ ചോദിക്കുന്ന അവസ്ഥ സംജാതമാക്കിയതിലും പോലീസിന്റെ പങ്കുണ്ട്.
കുറ്റവാളികളെ അറിയാതെ പോലും സഹായിച്ചവര്‍ ഏറെ നാള്‍ അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞിനെതിരായ അക്രമത്തിന് വിടുപണി ചെയ്ത പ്രതികള്‍ പുരസ്‌കാര ജേതാക്കളെ പോലെ കോടതിയില്‍ നിന്ന് ഇറങ്ങിവരുന്ന അവസ്ഥയാണ് കേരളം കണ്ടത്.
കൊച്ചിയിലെ സി എ വിദ്യാര്‍ഥിനിയുടെ കാര്യത്തില്‍ കായലില്‍ അടിഞ്ഞ മൃതദേഹം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റാന്‍ മറുകരയിലേക്ക് തള്ളിവിടുന്ന ഒരു സിനിമാ രംഗമാണ് ഓര്‍മ വരുന്നത്. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ ഒരു രാത്രിയില്‍ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വരുന്നത് ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന് അത്ര അഭിമാനിക്കാവുന്ന കാര്യമല്ല. അവസാനം സ്വന്തം വീട്ടില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുണ്ടറയിലെ പെണ്‍കുട്ടിയുടെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങാന്‍ പുനരന്വേഷണം വേണ്ടി വന്നുവെന്നതും നിരാശാ ജനകമാണ്.
ഒരു കരുത്തുറ്റ ഭരണാധികാരിക്ക് കീഴില്‍ സ്വന്തം വകുപ്പ് ഇത്ര ദുര്‍ബലമാകുന്നത് ഒരിക്കലും ആശാവഹമല്ല. ഒപ്പം ഒരു ദിവസം തന്നെ വീഴ്ചകളുടെ പേരില്‍ ഒന്നിലേറെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുന്നത് ഒരു ഭരണാധികാരിയുടെ പ്രതിച്ഛായക്കും ഗുണകരമാകില്ലെന്നാണ് സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. കാരണങ്ങള്‍ എന്തുതന്നെയായാലും വീഴ്ച പറ്റി എന്ന് ആവര്‍ത്തിക്കുന്നത് പരാജയത്തിന് തുല്യമാണ്.