ചരക്ക് വാഹനങ്ങള്‍ 30 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്‌

Posted on: March 23, 2017 9:26 am | Last updated: March 22, 2017 at 11:12 pm

കോഴിക്കോട്: ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്ക് അമ്പത് ശതമാനമാക്കിയ നടപടി പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ ഈ മാസം 30 മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു. ലോറികള്‍, ടിപ്പറുകള്‍, മിനി ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ പണി മുടക്കുമെന്ന് ലോറി ഓണേര്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും അന്ന് മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രീമിയം നിരക്കില്‍ നൂറ് ശതമാനം വര്‍ധനവ് വരുത്തിയതിന് പുറമെയാണ് ഈ വര്‍ഷം അമ്പത് ശതമാനം വര്‍ധന വരുത്തിയത്. ഇത് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളെ സഹായിക്കാനാണെന്നും അവര്‍ ആരോപിച്ചു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചരക്ക് വാഹനങ്ങളെ സംബന്ധിച്ച് അശാസ്ത്രീയമായ നടപടിയാണിത്. ഈ തീരുമാനം നടപ്പായാല്‍ രാജ്യത്തെ അറുപത് ശതമാനം ചരക്ക് വാഹനങ്ങളും ഉപേക്ഷിക്കേണ്ടി വരും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ലോറികള്‍ ഉപേക്ഷിച്ചാല്‍ പകരം ലോറികള്‍ വാങ്ങാന്‍ കഴിയില്ലെന്നിരിക്കെ ഇവിടെ തൊഴിലില്ലായ്മ കൂടും. പുതിയ ലോറികള്‍ വന്‍ തുക നല്‍കി വാങ്ങി ചരക്ക് കൊണ്ടു പോയാല്‍ വാടകയിനത്തിലും വര്‍ദ്ധനവ് വരുത്തേണ്ടി വരും. ഇത് പൊതു വിപണിയില്‍ വിലക്കയറ്റവും സൃഷ്ടിക്കും.

ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാതലത്തില്‍ വാഹനങ്ങളുടെ എന്‍ജിന്‍ മാറ്റിഘടിപ്പിച്ചാല്‍ മതിയെന്നിരിക്കെ വാഹനങ്ങള്‍ തന്നെ ഇല്ലാതാക്കണമെന്ന് പറയുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.സ്പീഡ് ഗവേണര്‍ നിയമം പിന്‍വലിക്കുക, ടോള്‍ സമ്പ്രദായം അവസാനിപ്പിക്കുക, ആര്‍ ടി ഓഫീസിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ കെ ഹംസ, ജന സെക്രട്ടറി കെ ബാലചന്ദ്രന്‍, എന്‍ കെ സി ബഷീര്‍, കെ ആര്‍ സുബ്രഹ്മണ്യന്‍, എം രാജന്‍, അഹമ്മദ് കോയ, കെ കെ മുഹമ്മദ് സംബന്ധിച്ചു.