Connect with us

Gulf

ജുമൈറ തീരത്ത് വിനോദത്തിന് ആഡംബര ദ്വീപ് ഒരുങ്ങുന്നു

Published

|

Last Updated

ഇന്റഗ്രേറ്റഡ് ഐലന്‍ഡ് പ്രൊജക്ടിന്റെ മാതൃക യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നോക്കിക്കാണുന്നു

ദുബൈ: വിനോദത്തിനും ടൂറിസത്തിനുമായി നൂതന സംയോജിത ദ്വീപൊരുങ്ങുന്നു. ജുമൈറ കടല്‍ തീരത്തിനടുത്തായാണ് പുതിയ പദ്ധതി. ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന്റെ ചാരത്തു നിര്‍മാണം ലക്ഷ്യമിടുന്ന പദ്ധതി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവതരിപ്പിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

35 ലക്ഷം സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മാണം ലക്ഷ്യമിടുന്ന പദ്ധതി വാസല്‍ അസറ്റ് മാനേജ്‌മെന്റാണ് നടപ്പിലാക്കുക. ഇതിനായി യു എസ് ആസ്ഥാനമായുള്ള എം ജി എം റിസോര്‍ട് ഇന്റര്‍നാഷണലുമായി സഹകരണം തേടിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 2021 ഓട് കൂടി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രൂപരേഖ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. വാസല്‍ അസറ്റ് മാനേജ്‌മെന്റ് സി ഇ ഒ ഹിഷാം അല്‍ ഖാസിം എം ജി എം റിസോര്‍ട്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വില്യം ഹോണ്‍ബക്കിള്‍ എന്നിവര്‍ പദ്ധതി വിശദാംശങ്ങള്‍ വിശദീകരിച്ചു. എം ജി എം ബ്രാന്‍ഡിലുള്ള ആഡംബര ഹോട്ടല്‍, ബെല്ലാജിയോ ഹോട്ടല്‍ എന്നിവ പദ്ധതിയോടൊപ്പം ഒരുങ്ങുന്നുണ്ട്. ആയിരത്തോളം ഹോട്ടല്‍ മുറികളും അപ്പാര്‍ട്‌മെന്റുകളും സമന്വയിപ്പിച്ചിട്ടുള്ള പദ്ധതിയില്‍ 10 അത്യാധുനിക അറബ് പരമ്പരാഗത രീതിയില്‍ രൂപകല്‍പന ചെയ്ത വില്ലകള്‍, ആഡംബര റസ്റ്റോറന്റുകള്‍, കഫേകള്‍, തീയറ്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബീച്ചിനോട് ചേര്‍ന്നുള്ള ദ്വീപ് പദ്ധതി സമുദ്രാന്തര്‍ വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. സന്ധ്യാ സയമങ്ങളില്‍ ജല തരംഗ പ്രദര്‍ശനങ്ങള്‍, അതിപ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉതകുന്ന പഞ്ചനക്ഷത്ര ക്ലബ്ബുകള്‍ എന്നിവ ദ്വീപിലെ പ്രത്യേകതകളാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 1.2 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിക്കുന്ന ദ്വീപില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സവിശേഷ ഭക്ഷണ വിഭവങ്ങളൊരുക്കുന്ന റസ്റ്റോറന്റുകള്‍ എന്നിവ ബീച്ചിനോട് ചേര്‍ന്നുണ്ടാകും.

 

Latest