അമേരിക്കയിലേക്കുള്ള് യാത്രക്കാര്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈവശം വെക്കരുത്: ഖത്വര്‍ എയര്‍വേയ്‌സ്‌

Posted on: March 22, 2017 7:42 pm | Last updated: March 22, 2017 at 7:42 pm

ദോഹ: അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ ലാപ്‌ടോപ്, ഗെയിം കന്‍സോല്‍സ്, ടാബ്‌ലറ്റ് തുടങ്ങിയവ കൈവശം വെക്കരുതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഇന്നലെ മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍വന്നിട്ടുണ്ട്. വിമാനത്തിന്റെ ബാഗേജ് ഹോള്‍ഡിലുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. എട്ട് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ സ്മാര്‍ട്ട് ഫോണും മെഡിക്കല്‍ ഉപകരണങ്ങളും ഒഴികെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കുന്നത് നിരോധിച്ച് ഇന്നലെ യു എസ് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. കാബിന്‍ ലഗേജായി ഇവ കൊണ്ടുപോകുന്നതിനാണ് വിലക്ക്. ഖത്വര്‍, യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ വിലക്ക് ബാധകമാകുക.

ക്വീന്‍ ആലിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അമ്മാന്‍, കൈറോ, ഇസ്താംബൂള്‍ അതാതുര്‍ക്, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍, റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷനല്‍, കുവൈത്ത് ഇന്റര്‍നാഷനല്‍, മുഹമ്മദ് അഞ്ചാമന്‍ ഇന്റര്‍നാഷനല്‍ കസബ്ലാന്‍ക മൊറോക്കോ, ഹമദ് ഇന്റര്‍നാഷനല്‍, ദുബൈ- അബുദബി തുടങ്ങിയ വിമാനത്താവളങ്ങളിലൂടെ വരുന്നവര്‍ക്കാണ് യാത്രവേളയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കുന്നതിന് വിലക്ക്. നിരോധത്തെ സംബന്ധിച്ച് വിമാനക്കമ്പനികളെയും അതാത് സര്‍ക്കാറുകളെയും യു എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രാവേളയില്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ചുമതല വിമാനക്കമ്പനികള്‍ക്കാണ്. ഇതിന് വിപരീതമായി സംഭവിച്ചാല്‍ യു എസ് റൂട്ടുകളില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനികളുടെ അവകാശം എടുത്തുകളയും.

എട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒമ്പത് വിമാന കമ്പനികള്‍ക്ക് 96 മണിക്കൂറാണ് നിര്‍ദേശം നടപ്പാക്കാന്‍ യു എസ് അധികൃതര്‍ അനുവദിച്ചത്. മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം 50 വിമാനങ്ങള്‍ യു എസിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.