കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ച ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമെന്ന് ആരോപണം

Posted on: March 22, 2017 9:02 am | Last updated: March 22, 2017 at 1:04 am

കൊച്ചി:ലക്കിടി, പാമ്പാടി കോളജുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കേസുകള്‍ നേരിടുന്ന കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്ന ജഡ്ജിക്ക് നെഹ്‌റുഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജഡ്ജിയാണ് കേസ് പരിഗണിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന ജഡ്ജിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ലക്കിടിയിലുള്ള ലോ കോളജ് കഴിഞ്ഞ വര്‍ഷം നടത്തിയ നെല്ലിയാമ്പതിക്കുള്ള പഠനയാത്രയിലാണ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി മുഖ്യാതിഥിയായി പങ്കെടുത്തത്. പഠന യാത്രാവേളയില്‍ കോളജ് അധികാരികളും ജഡ്ജിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമാണ് ലക്കിടി കോളജ് പഠന യാത്ര സംഘടിപ്പിച്ചത്. ജഡ്ജിക്കൊപ്പം ലക്കിടിയിലെ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട നിയമോപദേശക സുചിത്ര എന്നിവരും കൃഷ്ണദാസിന്റെ മര്‍ദനമേറ്റ പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തും നില്‍ക്കുന്നതാണ് ഫോട്ടോ. ഇതേ ജഡ്ജിയാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതേ ജഡ്ജി പരിഗണിച്ച ദിവസം തന്നെയാണ് കൃഷ്ണദാസിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റു നടന്നത്. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണനക്ക് എത്തിയപ്പോള്‍ അറസ്റ്റു ചെയ്ത പോലീസിനെ അതിരൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. സാധാരണ ഗതിയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ സ്വന്തക്കാരോ വാദികളോ പ്രതികളോ ആയ കേസുകള്‍ വരുമ്പോള്‍ സ്വയം ജഡ്ജിമാര്‍ ഒഴിവായി മറ്റൊരു ബഞ്ചിന് വിടുന്നതാണ് രാജ്യത്തെ നിതിന്യായ വ്യവസ്ഥയിലെ ചട്ടവും കീഴ്‌വഴക്കവും. ഇവ ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്നാണ് ആക്ഷേപം.

ഇതിനിടെ ജിഷ്ണു പ്രണോയിയുടെ അമ്മ ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജഡ്ജിക്കെതിരെയാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.