Kerala
മദ്‌റസാധ്യാപകന്റെ കൊലപാതകം: ആത്മസംയമനം പാലിക്കണം: കാന്തപുരം

കോഴിക്കോട്: കാസര്‍കോട് ചൂരിയില്‍ പള്ളിയില്‍ സേവനം ചെയ്യുന്ന മത പണ്ഡിതനെ വെട്ടിക്കൊലപ്പെടുത്തിയ അതിദാരുണ സംഭവത്തെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശക്തമായി അപലപിച്ചു. സംഭവം അതിദാരുണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. മതസൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്ന കേരളത്തില്‍ ആരാധനാലയത്തില്‍ കടന്നുള്ള ഈ അക്രമം ഞെട്ടലുളവാക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളയിലെ നുള്ളിക്കളയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. സംഭവത്തില്‍ അങ്ങേയറ്റം വേദന പങ്കുവെക്കുന്നതോടൊപ്പം വൈകാരികമായ ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ആത്മസംയമനത്തിന്റെ പാത സ്വീകരിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.