Connect with us

National

നോട്ട് നിരോധിക്കല്‍: സര്‍ക്കാരിനോടും ആര്‍ബിഐയോടും വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റുന്നതിനു ഡിസംബര്‍ 31നു ശേഷം അവസരം നല്‍കാത്തതിനു വിശദീകരണം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സത്യവാങ്മൂലം സമര്‍പ്പിക്കണം. റദ്ദാക്കിയ നോട്ടുകള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെടാതെ എല്ലാ ജനങ്ങള്‍ക്കും മാറ്റിയെടുക്കാന്‍ ഇനിയും അവസരം നല്‍കുമോയെന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയത്. മാര്‍ച്ച് അവസാനം വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നു പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം മറികടന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു ചോദിച്ച കോടതി, വിദേശ ഇന്ത്യാക്കാര്‍ക്കു വേണ്ടി സജ്ജമാക്കിയിരുന്നതു പോലെ ഡിസംബര്‍ 30നു മുന്പ് നോട്ട് മാറ്റിയെടുക്കാനാവാത്തവര്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കാമായിരുന്നില്ലേയെന്നും ആരാഞ്ഞു.

പ്രധാനമന്ത്രിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച ജനങ്ങള്‍ക്ക് അത്തരത്തില്‍ ഒരു അവസരം നല്‍കാതെ മറികടക്കുന്നത് കഴിവില്ലായ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. കേസ് ഏപ്രില്‍ 11ന് വീണ്ടും വാദം കേള്‍ക്കും.

Latest