Connect with us

Gulf

ജി സി സിയിലെ രണ്ടാമത്തെ സന്തോഷ രാഷ്ട്രം ഖത്വര്‍

Published

|

Last Updated

ദോഹ: സന്തോഷമുള്ള രാഷ്ട്രങ്ങളില്‍ ജി സി സിയില്‍ ഖത്വര്‍ രണ്ടാമത്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോക സന്തോഷ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് നില മെച്ചപ്പെടുത്തി ഖത്വര്‍ ജി സി സിയില്‍ രണ്ടാമതായത്. കഴിഞ്ഞ വര്‍ഷം ജി സി സിയില്‍ സഊദി അറേബ്യക്ക് താഴെ മൂന്നാമതായിരുന്നു ഖത്വറിന്റെ സ്ഥാനം. ജി സി സിയില്‍ ഒന്നാമത് യു എ ഇയാണ്.
റിപ്പോര്‍ട്ടില്‍ 35 ാം സ്ഥാനമാണ് ഖത്വറിനുള്ളത്. യു എ ഇ ബഹുദൂരം മുന്നിലാണ്. 21 ാം സ്ഥാനത്താണ് യു എ ഇ. സഊദി അറേബ്യ 37ഉം കുവൈത്ത് 39ഉം ബഹ്‌റൈന്‍ 41ഉം സ്ഥാനത്താണ്. 2014- 2016 കാലത്ത് നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ കാലയവളില്‍ ഒമാനില്‍ സര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ ഒമാനെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഖത്വറിന്റെ സ്ഥാനം 36 ആയിരുന്നു. യു എ ഇ 28 ാം സ്ഥാനത്തും സഊദി അറേബ്യ 34 ാം സ്ഥാനത്തുമായിരുന്നു. കുവൈത്ത് 41ഉം ബഹ്‌റൈന്‍ 42ഉം സ്ഥാനങ്ങളിലായിരുന്നു.

2015ലെ റിപ്പോര്‍ട്ടില്‍ ഖത്വറിന്റെ സ്ഥാനം 28 ആയിരുന്നെന്നതാണ് ശ്രദ്ധേയം. അന്ന് യു എ ഇ 20ഉം ഒമാന്‍ 21ഉം സ്ഥാനങ്ങളിലായിരുന്നു. സഊദി അറേബ്യ 35ഉം കുവൈത്ത് 39ഉം ബഹ്‌റൈന്‍ 49ഉം സ്ഥാനങ്ങളിലായിരുന്നു. 2013ലെ റിപ്പോര്‍ട്ടില്‍ ഖത്വറിന്റെ സ്ഥാനം 27 ആയിരുന്നു. യു എ ഇ, ഒമാന്‍ എന്നിവ യഥാക്രമം 14, 23 സ്ഥാനങ്ങളിലായിരുന്നു. കുവൈത്ത് 32ഉം സഊദി അറേബ്യ 33ഉം സ്ഥാനങ്ങളിലായിരുന്നു.
ആളോഹരി വരുമാനമാണ് രാജ്യത്തെ സന്തോഷ നിലയെ അളക്കുന്ന പ്രധാന മാനദണ്ഡം. സാമൂഹിക പിന്തുണ, പ്രതീക്ഷിക്കുന്ന ആരോഗ്യകരമായ ജീവിതം, ജീവിത തിരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരത, വ്യക്തമായ അഴിമതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദ്യാഭ്യാസം, നല്ല ഭരണം, ആരോഗ്യം, വരുമാനം, ദാരിദ്ര്യം എന്നിവ വെവ്വേറെ പരിശോധിക്കുന്നതിനേക്കാള്‍ മാനവിക ക്ഷേമം അളക്കുകയാണ് നല്ലതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യക്കാരിലേക്ക് ആഗോള ശ്രദ്ധ പതിയാനും ശക്തമായ നയം രൂപവത്കരിക്കാനുമുള്ള ഹേതുവാണ് റിപ്പോര്‍ട്ടെന്ന് കോ എഡിറ്ററും കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ ജെഫ്രി സാച്ച്‌സ് പറഞ്ഞു. ശക്തമായ സാമൂഹിക അടിത്തറ സൃഷ്ടിക്കുന്നതിന്റെ ഫലമായാണ് സന്തോഷമെന്നതിന് തെളിവാണ് റിപ്പോര്‍ട്ട്. സാമൂഹിക വിശ്വാസവും ആരോഗ്യകരമായ ജീവിതവും സ്ഥാപിക്കാനുള്ള സമയമാണിത്. തോക്കുകളും മതിലുകളുമല്ല. നമ്മുടെ നേതാക്കളെ ഈ സത്യത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ജെഫ്രി പറഞ്ഞു. ജോണ്‍ ഹെലിവെല്‍, റിച്ചാര്‍ഡ് ലയാര്‍ഡ്, ജെഫ്രി സാച്ച്‌സ് എന്നിവരാണ് റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍മാര്‍. ജാന്‍ ഇമ്മാനുവേല്‍ ഡി നെവ, ഹൈഫാംഗ് ഹുവാംഗ്, ഷുന്‍ വാംഗ് എന്നിവര്‍ അസോസിയേറ്റ് എഡിറ്റര്‍മാരാണ്.