സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ ‘മൊട്ടയടിക്കണ’മെന്ന് ബി ജെ പി നേതാവിന് ലാലുവിന്റെ ഉപദേശം

Posted on: March 21, 2017 8:21 am | Last updated: March 21, 2017 at 12:22 am

പാറ്റ്‌ന: പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും കിട്ടണമെങ്കില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ തല മൊട്ടയടിക്കേണ്ടിവരുമെന്ന് സംസ്ഥാന ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദിക്ക് ലാലു പ്രസാദ് യാദവിന്റെ ഉപദേശം. യോഗി ആദിത്യനാഥിനെ പോലെ കാവിയണിഞ്ഞ്, കാതുകള്‍ തുളച്ച്, തല മൊട്ടയടിച്ചാല്‍ മാത്രമേ ബി ജെ പിയില്‍ നിന്ന് എന്തെങ്കിലും സ്ഥാനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് സുശീല്‍ കുമാര്‍ മോദിയെ ആര്‍ ജെ ഡി നേതാവ് ഉപദേശിച്ചത്.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സുശീല്‍ കുമാര്‍ മോദിയെ ക്ഷണിക്കാത്തതിനെയും ലാലു പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി ജെ പിക്കെതിരെ ലാലു പ്രസാദ് യാദവ് നടത്തിയ ബി ജെ പി വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സുശീല്‍ കുമാര്‍ മോദിയുടെ ട്വീറ്റിനോട് എതിര്‍ ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തെ അപഹസിക്കാന്‍ പുതിയ ആക്ഷേപങ്ങളൊന്നും കിട്ടാത്ത മനോവിഷമത്തിലാണ് ലാലു പ്രസാദ് യാദവ് എന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ ട്വീറ്റ്. ബി ജെ പിക്കെതിരെ ശക്തമായ വിമര്‍ശമുന്നയിച്ച് സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി ലാലു പ്രചാരണത്തിനെത്തിയിരുന്നു.