ഉത്തര കൊറിയന്‍ നേതാവിനെ വിമര്‍ശിച്ച് ട്രംപ്‌

Posted on: March 21, 2017 7:42 am | Last updated: March 20, 2017 at 11:59 pm

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ രൂക്ഷമായി വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്. ഉന്നിന്റെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട രീതിയിലാണെന്ന് ഫ്‌ളോറിഡയില്‍വെച്ച് യു എസ് പ്രസിഡന്റ് ആരോപിച്ചു. അമേരിക്കയെയും സഖ്യരാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരെയും പ്രകോപിപ്പിച്ച് ഉത്തര കൊറിയ നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിലാണ് ട്രംപിന്റെ ആരോപണം എന്നത് ശ്രദ്ധേയമാണ്. ഉത്തര കൊറിയന്‍ വിഷയത്തില്‍ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഉന്നിന്റെ നിലപാടില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തര കൊറിയക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം ഉത്തര കൊറിയയുടെ സഖ്യമായ ചൈനയുമായി ഈ വിഷയത്തില്‍ യു എസ് വിദേശകാര്യ സെക്രട്ടറി ടില്ലെര്‍സണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഉത്തര കൊറിയയുടെ പ്രകോപനത്തില്‍ ഉത്കണ്ഠ അറിയിച്ച ചൈന ഈ വിഷയത്തില്‍ അമേരിക്കയുമായി ഒന്നിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര കൊറിയയുടെ ആണവ പദ്ധതികളാണ് അമേരിക്കയെയും സഖ്യ രാജ്യങ്ങളെയും ഭയപ്പെടുത്തുന്നത്.